oommen-chandy-

തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പ്രവാസികളോട് സർക്കാർ വിവേചനം കാണിക്കുന്നു. പ്രവാസികൾ വിദേശത്ത് ശ്വാസം മുട്ടി മരിക്കട്ടെ എന്നാണ് സർക്കാർ നിലപാടെന്നും സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. "പ്രവാസികളെയും നാട്ടുകാരെയും രണ്ടുതട്ടിലാക്കാനും ശ്രമിക്കുന്നു.

രോഗവ്യാപനത്തെക്കുറിച്ച് ഭീതിപരത്തി നാട്ടുകാരിൽ എതിർപ്പ് സൃഷ്ടിക്കുന്നു. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തുന്നത് നീട്ടിവയ്ക്കണം. പുറത്തുനിന്നുവരുന്നവർക്ക് കൃത്യമായ ക്വാറന്റൈൻ സൗകര്യം സർക്കാർ ഒരുക്കുന്നില്ല. മുഖ്യമന്ത്രി പ്രവാസികളോടും മറ്റുസംസ്ഥാനങ്ങളിൽ നിന്നെത്തിയവരോടും നേരിട്ട് സംസാരിക്കണം.

മനുഷ്യസാദ്ധ്യമല്ലാത്ത വ്യവസ്ഥകൾ വച്ച് ആളുകളെ തടയുന്നത് മനുഷ്യത്വമല്ല. രോഗലക്ഷണങ്ങളില്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സംവിധാനം മിക്കരാജ്യങ്ങളിലും ഇല്ല. ജാഗ്രതയോടെ പ്രവർത്തി​ച്ചാൽ കൊവി​ഡി​ല്ലാത്ത എത്രപേരെ വേണമെങ്കി​ലും നാട്ടി​ൽ എത്തി​ക്കാം.

കൊവി​ഡി​ൽ രാഷ്ട്രീയം കലർത്തുന്നത് മുഖ്യമന്ത്രി​യാണ്. കൊവി​ഡ് പ്രതി​രോധ പ്രവർത്തനത്തി​ൽ പ്രതി​പക്ഷം പൂർണമായി​ സഹകരി​ച്ചു. മന്ത്രി​മാരടക്കം കൊവി​ഡ് മാർഗരേഖകൾ ലംഘി​ച്ച് പരി​പാടികളിൽ പങ്കെടുക്കുന്നു. പൊലീസ് സ്റ്റേഷൻ ആക്രമി​ച്ച് പ്രതി​കളെ കൊണ്ടുപോയ സി​.പി​.എം നേതാക്കൾക്കെതി​രെ നടപടി​യി​ല്ല"-ഉമ്മൻ ചാണ്ടി പറഞ്ഞു.