തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച സംസ്ഥാനത്ത് പാലക്കാട്,വയനാട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇന്നലെ ഉച്ചമുതൽ തുടങ്ങിയ കനത്ത മഴയിൽ കണ്ണൂരിലെ ചില പ്രദേശങ്ങളിൽ വെള്ളം കയറി. തലശ്ശേരി ബസ് സ്റ്റാൻഡിൽ മുട്ടോളം വരെ വെള്ളം പൊങ്ങി. പല കടകളിലും വെള്ളം കയറി. ഞായറാഴ്ച ആയതിനാൽ കടകൾ അടഞ്ഞ നിലയിലായിരുന്നു. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. റോഡിൽ വാഹനങ്ങൾ കുറവായതിനാൽ വെള്ളക്കെട്ടുണ്ടായ ഇടങ്ങളിൽ ഒന്നും ഗതാഗത തടസമുണ്ടായില്ല.