തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരായ രോഷം തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കാൻ യു.ഡി.എഫ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റ്നടയിൽ നടത്തിയ ഉപവാസത്തിന് പിന്നാലെ, ഇതേ വിഷയത്തിൽ മുസ്ലിംലീഗ് എം.എൽ.എമാരുടെ ഉപവാസവും ഇതിലെ രാഷ്ട്രീയസാദ്ധ്യതകൾ മണത്താണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന 25ന് യു.ഡി.എഫ് എം.എൽ.എമാരുടെ മണ്ഡലാടിസ്ഥാനത്തിലുള്ള സത്യഗ്രഹസമരവും പ്രഖ്യാപിച്ചിരിക്കുകയാണ്.ഏറ്റവുമധികം പ്രവാസികളുള്ള മേഖലയാണ് ഗൾഫ്. കേരളത്തിൽ മിക്കവാറും വീടുകൾക്കുള്ള പ്രവാസിബന്ധവും വലുതാണ്..ശബരിമല യുവതീപ്രവേശന വിഷയവും അത്തരമൊരു സാദ്ധ്യത നേരത്തേ യു.ഡി.എഫിന് തുറന്നിട്ടിരുന്നു
പൗരത്വഭേദഗതി വിവാദമുയർന്നപ്പോൾ മതന്യൂനപക്ഷങ്ങളുടെ വിശ്വാസമാർജിച്ച് കരുത്തുകൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകൾക്കായി. പ്രതിപക്ഷനേതാവിനെയും ഒരുമിച്ച് സമരവേദിയിൽ അണിനിരത്തി സർക്കാരിന്റെ നിലപാട് പ്രഖ്യാപിക്കുന്നതിലും മുഖ്യമന്ത്രി വിജയിച്ചു. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട് സ്വന്തമായി നേടാവുന്ന മേൽക്കൈ ഇല്ലാതാക്കിയെന്ന വിമർശനം ഉയർന്നത് പ്രതിപക്ഷത്തിന് ക്ഷീണവുമായി. കൊവിഡ് ഭീതിക്കിടെ കേരളമാതൃക ആഗോളതലത്തിൽ ചർച്ചയായതും, ഇടതുസർക്കാരിന് പ്രതിച്ഛായാനേട്ടമായി. ലോക്ക് ഡൗൺകാലത്ത് ആദ്യമേ സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചതും എല്ലാവർക്കും സൗജന്യറേഷൻ അനുവദിച്ചതും സമൂഹ അടുക്കളകൾക്ക് രൂപം നൽകിയതുമെല്ലാം സർക്കാരിന്റെ നേട്ടത്തിന്റെ തൂവലുകളായി വാഴ്ത്തപ്പെട്ടു. കാഴ്ചക്കാരുടെ റോളിലേക്ക് മാറേണ്ടിവന്ന പ്രതിപക്ഷത്തിന് പിടിവള്ളിയായത് സ്പ്രിംഗ്ളർ വിവാദം. ഒടുവിൽ, സർക്കാർ അതിൽ നിന്ന് പിന്മാറിയതോടെ അതും ചീറ്റി.
ഈ ഘട്ടത്തിലാണ് പ്രവാസി പ്രശ്നമെന്ന ആയുധം വീണുകിട്ടിയത്. അതോടെ, കാഴ്ചക്കാരുടെ റോളിൽ നിന്ന് കാര്യക്കാരുടെ റോളിലേക്ക് മാറാനുള്ള നീക്കത്തിലാണ് യു.ഡി.എഫ് നേതൃത്വം.
ചർച്ചയായി മലബാറിലെ
മുസ്ലീം ലീഗ് നീക്കവും
തദ്ദേശതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള വെൽഫെയർപാർട്ടിയുമായും എസ്.ഡി.പി.ഐയുമായും മറ്റും പ്രാദേശികസഖ്യത്തിലേർപ്പെടാനുള്ള ലീഗ് നീക്കവും ഇതോടൊപ്പം കൂട്ടിവായിക്കണം. വിഷയത്തിൽ മൗനം പാലിക്കുന്ന കോൺഗ്രസിന് ഇതിൽ വിയോജിപ്പുണ്ടാകാനിടയില്ലെന്ന് ലീഗ് നേതൃത്വം കരുതുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മലബാറിൽ വികസനമുന്നണിയെന്ന പേരിൽ സി.പി.എം കൈക്കൊണ്ട അടവുനയമാണ് ലീഗ് ഇപ്പോൾ പയറ്റുന്നതെന്ന് പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. അന്ന് വെൽഫെയർപാർട്ടി പലേടത്തും ഇടതിനെയാണ് തുണച്ചത്. ഇന്നവർ വിരുദ്ധപക്ഷത്താണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതായിരുന്നു സ്ഥിതി. ഇത് തിരിച്ചറിഞ്ഞാണ് തീവ്രവാദസംഘടനകളുമായി ലീഗ് കൈകോർക്കുന്നതായി വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തിയതും.