vld-1

വെള്ളറട: നൂറ് വർഷത്തിലേറെ പഴക്കമുള്ള വെള്ളറട ഗവ. യു.പി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 1.30 കോടി രൂപ ചെലവിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിലാണ് മന്ദിര നിർമ്മാണം നടത്തിയത്. നൂറാം വാർഷികാഘോഷ വേളയിൽ എം.എൽ.എ വാഗ്ദാനം ചെയ്ത പദ്ധതിപ്രകാരം യു.എസ്.ബി ഡാറ്റാ ഹബ് യൂണിറ്റുകൾ, ഡിസ്‌പ്ളേ യൂണിറ്റുകൾ, കംപ്യൂട്ടർ കണക്റ്റിംഗ് പോർട്ടുകൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലാസ് മുറികൾ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കാൻ കഴിഞ്ഞത് മികവായിത്തന്നെ നാട്ടുകാരും പി.ടി.എയും കരുതുന്നു. മന്ദിരം ഈ അദ്ധ്യയന വർഷത്തിൽ തന്നെ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായിക്കഴിഞ്ഞു.