ന്യൂഡൽഹി: ആമസോൺ സ്ഥാപകൻ ജെഫ് ബെസോസാണു ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. 160.1 ബില്യൺ ഡോളറിന്റെ സമ്പത്താണ് ജെഫ് ബെസോസിനുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (108.6 ബില്യൺ ഡോളർ) രണ്ടാം സ്ഥാനത്തും, എൽ.വി.എം.എച്ച് ചെയർമാൻ ബെർനാർഡ് ആർനോൾട്ട് (102.8 ബില്യൺ ഡോളർ) മൂന്നാം സ്ഥാനത്തുമാണ്.
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തുപേരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും. ഫോർബ്സ് പട്ടികയിലെ ഒരേയൊരു ഏഷ്യാക്കാരനും മുകേഷ് അംബാനിയാണ്. 64.6 ബില്യൺ ഡോളറാണ് (4.9 ലക്ഷം കോടി രൂപ) മുകേഷ് അംബാനിയുടെ സമ്പത്ത്.
റിലയൻസിന്റെ 42% ഓഹരി സ്വന്തമായുള്ള അംബാനിക്ക്, കമ്പനിയുടെ ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ്‌ഫോംമിലേക്കുള്ള വിദേശനിക്ഷേപങ്ങളാണ് നേട്ടമായത്. കഴിഞ്ഞ ദിവസമാണ് റിലയൻസ് ഇൻഡസ്ട്രീസിനെ കടബാദ്ധ്യതയില്ലാത്ത കമ്പനിയായി ചെയർമാൻ പ്രഖ്യാപിച്ചത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം 11 ലക്ഷം കോടി രൂപ കടന്ന് റെക്കോർഡിട്ടിരുന്നു. 58 ദിവസത്തിനുള്ളിൽ ഏതാണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചതോടെയാണ് കടമില്ലാകമ്പനിയായി മാറിയതെന്നു മുകേഷ് അംബാനി പറഞ്ഞു.
2021 മാർച്ചിനുമുൻപ് ബാദ്ധ്യതകളെല്ലാം തീർക്കുമെന്ന് മുകേഷ് അംബാനി 2019 ആഗസ്റ്റിൽ ഓഹരിയുടമകൾക്കു വാഗ്ദാനം നൽകിയിരുന്നു.