ആലപ്പുഴ: ചേർത്തലയിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വയോധികനെ സഹോദരന്മാർ ഇടിച്ചു കൊന്നു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചേർത്തല തെക്ക് മറ്റത്തിൽ എഴുപത്തിയഞ്ചുകാരനായ മണിയനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അയൽവാസികളായ സുന്ദരേശ റാവു, സഹോദരൻ ശ്രീധര റാവു എന്നിവരെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തിയെ ചൊല്ലി ഏറെ നാളുകളായി പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.