തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ ജനം ഉത്സവമാക്കിയതോടെ, തലസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാവുന്നുവെന്ന് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. കൊവിഡ് ബാധ ഇനിയും കൂടിയാൽ കൂടുതൽ പ്രദേശങ്ങൾ അടച്ചിടും.നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ ശക്തമാക്കും.
ഓഫീസുകളിലേക്കും പണി സ്ഥലത്തേക്കും മറ്റ് അത്യാവശ്യ യാത്രകൾക്കും അനുവദിച്ച ഇളവുകൾ മുതലെടുത്ത് പലരും ബൈക്കിലും കാറിലും വെറുതെ ചുറ്റിയടിക്കുന്നു. മാർക്കറ്റുകളിലും കടകളിലുമെല്ലാം സാമൂഹ്യഅകലം പലരും മറന്ന മട്ടായി. ട്രാൻസ്‌പോർട്ട് ബസുകളിൽ കയറാൻ മടിച്ച് യാത്ര ഇരുചക്രവാഹനത്തിലാക്കിയവർ തിരക്കേറിയ പാഴ്സൽ കൗണ്ടുറുകളിലും മറ്റും തൊട്ടുരുമ്മിയാണ് നില്പ്. മാസ്ക് പോലും ഒഴിവാക്കുന്നു. മാസ്ക് ധരിച്ചവരും, കൂട്ടംകൂടി നിൽക്കുമ്പോൾ മുഖത്തു നിന്നും മാറ്റും.
വിവാഹത്തിന് 50 പേർ മാത്രമാക്കിപ്പോൾ, ഒരു സമയത്ത് 50 എന്ന വ്യാഖ്യാനമായി. മരണ വീടുകളിലും സാമൂഹ്യ അകലം പാലിക്കപ്പെടുന്നില്ല.
സമൂഹ വ്യാപന ഭീഷണിയിലും, കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ചില വ്യാപാര കേന്ദ്രങ്ങൾ പ്രവർത്തിച്ചത്. ഹോട്ടലുകളിൽ ഇരുന്നു കഴിക്കാനെത്തുന്നവരുടെ പേരും ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ല. കൈകൾ ശുചിയാക്കാൻ സ്ഥാപനങ്ങൾക്കും എ.ടി.എമ്മുകൾക്കും മുമ്പിലുണ്ടായിരുന്ന സാനിറ്റൈസറും അപ്രത്യക്ഷമായി.
വീഴ്ച പറ്റിയത്
അധികാരികൾക്കും
മണക്കാട് മൊബൈൽ ഷോപ്പ് ഉടമ, കെ.എസ്.ആർ.ടി.സി പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർ, ഐരാണിമുട്ടത്തുള്ള ആട്ടോ ഡ്രൈവർ ഉൾപ്പെടെ കുടുംബത്തിലെ 4 പേർക്കാണ് ഒരാഴ്ചയ്ക്കിടെ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
മണക്കാട് ജംഗ്ഷനിൽ മൊബൈൽ ഷോപ്പ് നടത്തുന്നയാൾക്കു 14നാണു രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പർക്കം പുലർത്തിയ വ്യാപാരികളെ ക്വാറന്റൈൻ ചെയ്‌തെങ്കിലും ജംഗ്ഷനിൽ 4 ദിവസം ഒരു നിയന്ത്രണവുമില്ലായിരുന്നു. സർക്കാർ നിർദേശിച്ച സമയം കഴിഞ്ഞും കടകൾ തുറന്നിരുന്നു. 19നു രാത്രിയാണ് മണക്കാട് ജംഗ്ഷൻ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഡ്രൈവർക്കു കൊവിഡ് ബാധിച്ച പാപ്പനംകോട് ഡിപ്പോയിലും പ്രതിരോധ നടപടികൾ വൈകി. ജീവനക്കാർ ജോലി ബഹിഷ്‌കരിച്ചു പ്രതിഷേധിച്ചപ്പോഴാണ് ഡ്രൈവർ ഉപയോഗിച്ച മുറിയും ബസും അണുവിമുക്തമാക്കിയത്.