kovalam

കോവളം: നാഗർകോവിൽ - തിരുവനന്തപുരം പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിൽ നിർമ്മാണം ആരംഭിച്ച മുക്കോല - കാരോട് ബൈപാസിന്റെ നിർമ്മാണം നീളുന്നു. ലോക്ക് ഡൗണിനെ തുടർന്ന് തൊഴിലാളികളിൽ പലരും സ്വന്തം നാടുകളിലേക്ക് മടങ്ങിയതും പ്രതികൂല കാലാവസ്ഥയും കാരണമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നീളുന്നത്. കരാറുകാരുടെ മെല്ലെപ്പോക്കും പണി ഇഴയാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്കിടെയുള്ള ഭാഗത്ത് ചില നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തലക്കോട് മുതൽ പുന്നക്കുളം ജംഗ്ഷൻ വരെയുള്ള രണ്ട് കിലോമീറ്റർ ദൂരം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയിട്ടില്ല. പയർമൂട് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തെങ്കിലും നിലവിലുണ്ടായിരുന്ന റോഡ് പൊളിച്ച് മാറ്റാനുണ്ട്. പയർമൂട് - പുന്നക്കുളം റോഡിൽ 150 മീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്‌തിട്ടുള്ളത്. ഇവിടെ ഇനി ഓടയുടെ നിർമ്മാണവും പൂർത്തീകരിക്കേണ്ടതുണ്ട്. ഓടയുടെ നിർമ്മാണത്തിനാവശ്യമായ യു മോഡൽ കോൺക്രീറ്റ് സ്ലാബുകൾ ഇവിടെ വരിവരിയായി നിരത്തിയിട്ടുണ്ട്. പുന്നക്കുളം ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്റെ പിറകുവശം 40 അടിയോളം ഉയരത്തിൽ കടന്നുപോകുന്ന ബൈപാസ് റോഡിൽ പാലം മാത്രമാണ് പൂർത്തീകരിച്ചത്. പുന്നക്കുളം ചപ്പാത്ത് ഭാഗത്ത് പൊതുമരാമത്ത് വകുപ്പ് റോഡിൽ നിന്നും 30 അടി ഉയരത്തിലാണ് ബൈപാസ് കടന്നുപോകുന്നത്. പുന്നക്കുളം ഭാഗത്ത് ഉണ്ടായിരുന്ന ചിറ നികത്തിയാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. മണ്ണുതുരക്കുന്ന വലിയ യന്ത്രങ്ങൾ, ക്രെയിനുകൾ, ജനറേറ്ററുകൾ എന്നിവ എത്തിച്ചിട്ടുണ്ടെങ്കിലും വേങ്ങപ്പൊറ്റ ഭാഗത്തേക്ക് പോകുന്ന റോഡിൽ നിർമ്മാണ പ്രവർത്തനങ്ങളും മന്ദഗതിയിലാണ്. 2020 മദ്ധ്യത്തോടെ കാരോട് വരെയുള്ള നിർമാണം പൂർത്തിയാകുമെന്നാണ് ഒരു വർഷം മുമ്പ് അധികൃതർ അറിയിച്ചിരുന്നത്.

 പ്രശ്‌നമാകുന്ന മണ്ണൊലിപ്പ്

താഴ്ന്ന പ്രദേശങ്ങൾ നികത്തുന്നതിനായി നിറച്ച മണ്ണ് ശക്തമായ മഴയിൽ വലിയ തോതിൽ ഒലിച്ചുപോയി. ഇത് മറ്റുള്ള പ്രവർത്തനങ്ങളെയും തടസപ്പെടുത്തിയിട്ടുണ്ട്. ചരിവുള്ള പ്രദേശമായതിനാൽ ഇവിടത്തെ മണ്ണൊലിപ്പ് കാരണം സമീപത്തെ ഓടകൾ അടയുകയും പഞ്ചായത്ത് റോഡുകളുടെ വശങ്ങൾ പലതും തകരുകയും ചെയ്തു.

പൂർത്തിയാക്കാനുള്ളത്

തലക്കോട് - കാരോട് ഭാഗം

ദൂരം - 20 കി.മീ

പലഭാഗത്തും നിർമ്മാണം പാതിവഴിയിൽ

യന്ത്രസാമഗ്രികളെത്തിച്ചിട്ടും പണി ഇഴയുന്നു

ഒാടയുടെ നിർമ്മാണം പൂർത്തിയാക്കണം

പ്രതികരണം

നിർമ്മാണത്തിനാവശ്യമായ മണ്ണ് ലഭിക്കുന്നതിന് ജിയോളജി വകുപ്പിന്റെ അനുമതി വേണ്ടിവന്നു. പല സ്ഥലങ്ങളിലും പ്രദേശവാസികളുടെ തർക്കങ്ങൾ നിർമ്മാണത്തിന് തടസമായി. പ്രളയവും ഓഖിയും ലോക്ക് ഡൗണും നിർമ്മാണപ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ചു.

നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ

ഫോട്ടോ: നിർമ്മാണം ഇഴയുന്ന മുക്കോല - കാരോട് ബൈപാസ്.

പുന്നക്കുളത്ത് നിന്നും വേങ്ങപ്പൊറ്റ ഭാഗത്തേക്കുള്ള ദൃശ്യം