തിരുവനന്തപുരം: തിരുവനന്തപുരത്ത് ആട്ടോ ഡ്രൈവർക്കും വൈദികനും കൊവിഡ് ബാധിച്ചത് ഗൗരവതരമാണെന്ന് മേയർ കെ.ശ്രീകുമാർ. വിവാഹ, മരണച്ചടങ്ങുകൾക്ക് ആൾക്കൂട്ടം കർശനമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട അദേഹം തീരദേശവീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്തതിന് പരിഹാരം കാണുമെന്നും വ്യക്തമാക്കി.
തീരദേശത്ത് അഞ്ചു ക്വാറന്റീൻ കേന്ദ്രങ്ങൾ കൂടി തുറക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കും. മാളുകൾ ഇടവിട്ട ദിവസങ്ങളിലായിരിക്കും തുറക്കുക. പാളയം, ചാല മാർക്കറ്റുകളിൽ 50% കടകൾ തുറക്കും. കോർപറേഷൻ ഓഫിസിൽ പരാതികൾ സ്വീകരിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായും മേയർ പറഞ്ഞു.
നേരത്തെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയതായി മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അറിയിച്ചിരുന്നു. സമരങ്ങളിൽ പത്തുപേരിൽ കൂടുതൽ പാടില്ലെന്നും സർക്കാർ പരിപാടികളിൽ ഇരുപതിൽതാഴെ ആളുകളെ പങ്കെടുക്കാവൂവെന്നും അദേഹം വ്യക്തമാക്കി. എല്ലാ ആശുപത്രികളിലും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടിരിപ്പുകാരനെ മാത്രമെ അനുവദിക്കു.
വിവാഹങ്ങളിൽ അമ്പതുപേരിൽ കൂടുതൽ പാടില്ല. മരണാന്തരച്ചടങ്ങുകൾക്ക് ഇരുപതുപേർ മാത്രമെ ഉണ്ടാകാൻ പാടുള്ളൂ. ജനപ്രതിനിധികൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് തീരുമാനമായി. ആട്ടോറിക്ഷയിൽ യാത്ര ചെയ്യുവർ ആട്ടോ ഡ്രൈവറുടെ പേരും വണ്ടിനമ്പരും ചോദിച്ച് മനസിലാക്കണം. മാനദണ്ഡങ്ങളിൽ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടും. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു ക്വാറന്റീൻ കേന്ദ്രമെങ്കിലും തയാറാക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി നാളെ വീഡിയോ കോൺഫറസിലൂടെ യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.