ബാലരാമപുരം:കൊവിഡ് മാനദണ്ഡൾ മറികടന്ന് ഹൗസിംഗ് ബോർഡ് ജംഗ്ഷനു മുന്നിലെ റോഡരികിൽ നടത്തിയിരുന്ന മത്സ്യക്കച്ചവടം പൊലീസിന്റെ സഹായത്തോടെ പഞ്ചായത്ത് നിരോധിച്ചു.ബാലരാമപുരം വിഴിഞ്ഞം റോഡിലെ പൊതുമാർക്കറ്റ് അടച്ചതോടെയാണ് മീൻകച്ചവടം ഹൗസിംഗ് ബോർഡ് ജംഗ്ഷനിലേക്ക് മാറ്റിയത്. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ ജനത്തിരക്കേറുകയും ജാഗ്രതാനിർദ്ദേശങ്ങൾ മറികടക്കുകയും ചെയ്തതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.ഹൗസിംഗ് ബോർഡ് ജംഗ്ഷനിലെ മീൻകച്ചവടവും മാലിന്യപ്രതിസന്ധിയും ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്തയും നൽകിയിരുന്നു. തുടർന്നാണ് പഞ്ചായത്ത് നടപടിയിലേക്ക് കടന്നത്.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വസന്തകുമാരി,​ പഞ്ചായത്ത് സെക്രട്ടറി,​ മെഡിക്കൽ ഓഫീസർ ആർ.എം.ബിജു. ഹെൽത്ത് ഇൻസ്പെക്ടർ,​വില്ലേജ് ഓഫീസർ,​ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമിലാബീവി,​ക്ഷേമകാര്യ ചെയർമാൻ ഹരിഹരൻ,​ മെമ്പർമാരായ ആർ.കെ. ബിന്ദു,​ജയകുമാർ,​വിനോദ്,​ രാജൻ എന്നിവരുടെ നേത്യത്വത്തിൽ റോഡരികിലെ കച്ചവടം ഒഴിപ്പിക്കുകയായിരുന്നു.ബാലരാമപുരം ജംഗ്ഷൻ മുതൽ പനയറക്കുന്ന് വരെ ഒരാഴ്ച്ചത്തേക്ക് റോഡരികിൽ കച്ചവടം നിരോധിച്ചതായി പഞ്ചായത്ത് അറിയിച്ചു.