തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിലെ കമ്യൂണിറ്റി വെൽഫയർ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിനായി എങ്ങനെ ചെലവഴിക്കണമെന്നത് അതാത് അംബാസഡർമാർക്ക് തീരുമാനിക്കാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി..
ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ഘട്ടങ്ങളിലും ദുരിതങ്ങളിലും സഹായമെത്തിക്കാനാണ് ഫണ്ട് . പ്രകൃതി ദുരന്തം , ദേശീയ, അന്തർദേശീയ സംഘർഷങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ അവരെ അടിയന്തരമായി ഒഴിപ്പിക്കാം. ഏറ്റവും അർഹരായ ഇന്ത്യക്കാർക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെ താമസ സൗകര്യം , വിദേശത്ത് കുടുങ്ങിപ്പോയവർക്ക് യാത്രാ സഹായം , ഭർത്താക്കന്മാരാൽ വഞ്ചിക്കപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തവർക്ക് നിയമസഹായം , ചെയ്യാത്ത കുറ്റത്തിന് തടവിലാക്കപ്പെടുകയോ, പിഴ അടയ്ക്കേണ്ടിവരുകയോ ചെയ്യുന്നവർക്ക് സഹായം എന്നിവയ്ക്ക് ഫണ്ട് ഉപയോഗിക്കാം. ഇതിന് പുറമെ,ശവസംസ്കാരത്തിന് കമ്പനി ഉടമസ്ഥനോ ഇൻഷ്വറൻസ് കമ്പനിയോ വേണ്ട സഹായം ചെയ്യാതിരുന്നാലും, മൃതദേഹം നാട്ടിലെത്തിക്കാനും, അപകടത്തിൽപ്പെട്ടവരുടെ ചികിത്സയ്ക്കും പ്രവാസി ഇന്ത്യക്കാരുടെ സാംസ്കാരിക പരിപാടികൾക്കും ഇന്ത്യൻ എംബസികൾ ഈ ഫണ്ട് ചെലവഴിക്കുന്നുണ്ട്.
ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ, റസിഡന്റ് സ്റ്റാറ്റസ്, വർക്ക് പെർമിറ്റ്, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയ്ക്കും പുതിയ മാനണ്ഡങ്ങളനുസരിച്ച് ഈ ഫണ്ട് ചെലവഴിക്കാം. ഇന്ത്യക്കാർക്ക് കൂടുതൽ സേവനങ്ങൾ നൽകാൻ കോൺസുലേറ്റുകളിൽ അധിക ജീവനക്കാരെ വയ്ക്കാം. പൊലീസ് സ്റ്റേഷൻ ,ജയിൽ ,ലേബർ ക്യാമ്പ്, ഡിറ്റൻഷൻ സെന്റർ,ആശുപത്രി തുടങ്ങിയ സ്ഥലത്ത് കഴിയുന്നവരെ കാണാൻ വാഹനം ലഭ്യമാക്കാനും അനുവാദമുണ്ട്. ഇന്ത്യക്കാരെ സഹായിക്കാൻ പരിഭാഷകരെ വയ്ക്കുക, അതാത് പ്രദേശത്തെ തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖ പ്രസിദ്ധീകരിക്കുക, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ തുടങ്ങിയ സേവനങ്ങൾക്കും ഫണ്ട് ഉപയോഗപ്പെടുത്താം.