തിരുവനന്തപുരം:വിരമിക്കുന്നതിന്റെ പിറ്റേന്ന് മുതൽ മൂന്നും നാലും ലക്ഷം രൂപ ശമ്പളവും ആനുകൂല്യങ്ങളും കാറും പഴ്സണൽ സ്റ്റാഫുമൊക്കെ ഉറപ്പാക്കി സർക്കാരിനെ 'സേവിച്ച്' കൊതി തീരാത്ത ചീഫ്സെക്രട്ടറിമാർ നിരവധി .അതിൽ നിന്നൊക്കെ വ്യത്യസ്തനാണ് എസ്.എം.വിജയാനന്ദ്.
സംസ്ഥാനത്തെ ആറാം ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷനാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, വിജയാനന്ദിന് ഒരു നിബന്ധന മാത്രം.ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റില്ല, പെൻഷൻ മതി. ചീഫ് സെക്രട്ടറി റാങ്ക് നൽകി ഇറക്കിയ ഉത്തരവും ഒടുവിൽ റദ്ദാക്കേണ്ടി വന്നു.
37വർഷം നീണ്ട സിവിൽസർവീസ് ജീവിതത്തിൽ ലാളിത്യത്തിന്റെ മുഖമായിരുന്നു എസ്.എം.വിജയാനന്ദ് . ജനകീയാസൂത്രണം സമഗ്രമായി പഠിച്ച് കാലോചിതമായി പരിഷ്‌കരിക്കാനും , രണ്ടാംഘട്ടത്തിന് തുടക്കമിടാനുമുള്ള ഭാരിച്ച ദൗത്യത്തിലാണ് അദ്ദേഹം ഇപ്പോൾ. അധികാര വികേന്ദ്രീകരണവും ഇടതുഭരണത്തിൽ , ജനകീയാസൂത്രണവും വിജയകരമായി നടപ്പിലാക്കി രാജ്യത്തിന്റെ ശ്രദ്ധ നേടിയ 'ജനകീയ ബ്യൂറോക്രാറ്റ്'
സംസ്ഥാനത്തെ രണ്ടാം ധനകാര്യ കമ്മിഷൻ അദ്ധ്യക്ഷനായിരുന്ന പ്രൊഫ. പ്രഭാത് പട്നായിക്കിന് സെക്രട്ടേറിയറ്റിൽ മന്ത്രിയുടെ മുറിയും സ്റ്റേറ്റ് കാറും അനുവദിച്ചിരുന്നു. പിന്നീടുവന്ന അദ്ധ്യക്ഷന്മാർക്കും സ്റ്റേറ്റ് കാർ നൽകി.എന്നാൽ,. വിരമിച്ച ശേഷം സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്‌മെന്റിന്റെ ചെയർമാനായപ്പോൾ കിട്ടിയ 2007മോഡൽ കാർ അറ്റകുറ്റപ്പണി നടത്തിയാണ് ഇപ്പോഴും വിജയാനന്ദിന്റെ യാത്ര. സെക്രട്ടേറിയറ്റിൽ ചെറിയൊരു ഓഫീസ്. സഹായത്തിന് ദിവസവേതനത്തിൽ ഒരു പ്യൂണും അസിസ്റ്റന്റും . . യാത്രകൾക്ക് ടിക്കറ്റ് നിരക്ക് മാത്രം . അന്യജില്ലകളിൽ താമസം ഗസ്റ്റ്ഹൗസുകളിൽ.
, ''എനിക്ക് അത്രയധികം പണത്തിന്റെ ആവശ്യമില്ല. ഭാര്യ സർക്കാർ ഡോക്ടറാണ്. ഏക മകൻ ചെറിയ ഫീസിൽ വെല്ലൂരിൽ എം.ഡിക്ക് പഠിക്കുന്നു. പിതാവ് നൽകിയ വീടുണ്ട്. ഇത്രയും കാലം നേടിയ അനുഭവസമ്പത്ത് സമൂഹത്തിന് തുടർന്നും നൽകുന്നു..അത്ര മാത്രം.'' വിജയാനന്ദിന്റെ ജീവിത ലാളിത്യം വാക്കുകളിലും.