oommen-chandy
Oommen Chandy

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസിമലയാളികളെ ഇപ്പോഴെങ്കിലും തിരിച്ചെത്തിച്ചില്ലെങ്കിൽ അവർ മരിച്ചുവീഴുന്ന ദുരന്തമാകും കാണേണ്ടിവരികയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മടക്കയാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കുകയോ ഒരു മാസത്തേക്കെങ്കിലും നീട്ടിവയ്ക്കുകയോ വേണം. അതിശയോക്തിപരമായ പ്രചാരണം നടത്തി നാട്ടുകാരും പ്രവാസികളും തമ്മിൽ സംഘർഷമുണ്ടാക്കാനാണോ സർക്കാർ ആഗ്രഹിക്കുന്നതെന്ന് സംശയിക്കണം. ഈ മാസം 17വരെ നാട്ടിലെത്തിയ 84,195 പ്രവാസികളിൽ 713 പേർക്കേ രോഗമുണ്ടായുള്ളൂ. ഒരു ശതമാനത്തിൽ താഴെയാണിത്. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മടി കാണിക്കുന്നു. മറ്റ് രാജ്യങ്ങളിലുള്ളവർക്കും കൊവിഡ് ഉണ്ടാകുന്നുണ്ടെന്നിരിക്കെ ഗൾഫിലുള്ളവർക്ക് മാത്രമാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. പ്രവാസികളോടും അന്യസംസ്ഥാനങ്ങളിലെ മലയാളികളോടും സർക്കാർ വിവേചനം കാട്ടുകയാണ്. ലോക കേരളസഭയ്ക്ക് കോടികൾ പൊടിച്ച സർക്കാരിന് ഈ ദുരന്തസമയത്ത് ഒരു പ്രവാസിക്കെങ്കിലും സൗജന്യടിക്കറ്റ് നൽകാൻ നോർക്കവഴി സാധിച്ചോ?

മടങ്ങിവരുന്ന പ്രവാസികൾക്ക് അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ആനുകൂല്യം പോലും നൽകാനാവില്ലെന്നാണ് സർക്കാർ പറയുന്നത്. പ്രതിപക്ഷം പറയുന്നത് കേൾക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മുഖ്യമന്ത്രി തന്നെ പ്രവാസികളോടും അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരോടും സംസാരിക്കണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.