തിരുവനന്തപുരം: മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശം അടഞ്ഞ അദ്ധ്യായമെന്ന് ഉമ്മൻ ചാണ്ടി വാർത്താലേഖകരോട് പ്രതികരിച്ചു. സി.പി.എമ്മുകാർ പോലും അതിൽ സ്ത്രീവിരുദ്ധതയില്ലെന്നാണ് പറഞ്ഞിട്ടുള്ളത്. ഈ കൊവിഡ് കാലത്ത് രാഷ്ട്രീയം പറയുന്നില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയാണ് ഏറ്റവുമധികം രാഷ്ട്രീയം പറയുന്നത്. രാഷ്ട്രീയരംഗത്ത് മിതത്വം പാലിക്കണം. എന്തും പറയാമെന്ന നിലപാടില്ല. ശത്രുവിനെ വെട്ടിയും കുത്തിയും കൊല്ലുന്ന ഏർപ്പാടാണിവിടെ.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിൽ തീരുമാനമെടുത്ത് അറിയിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇരുകൂട്ടരെയും പറഞ്ഞ് മനസിലാക്കി. കോൺഗ്രസിന് നേതൃദാരിദ്ര്യമില്ല. ജനാധിപത്യ പാർട്ടിയിൽ പല ചർച്ചകളുമുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാകും തീരുമാനങ്ങൾ. പ്രതിപക്ഷനേതാവിന്റെ നേതൃത്വം ശക്തമാണ്. അതിന് ജനകീയപിന്തുണയുണ്ടെന്നതിന്റെ തെളിവാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ കണ്ടത്. നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കുന്നത് ഇവിടെയല്ല.കേരളസർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.