തിരുവനന്തപുരം: റേഷൻ കടകളിലൂടെ വിതരണം ചെയ്യാൻ സംസ്ഥാനത്തെ വിവിധ ഗോഡൗണുകളിൽ (എൻ.എഫ്.എസ്.എ ) സംഭരിച്ചിരുന്ന 1892 ടൺ അരിയും 627.91 ടൺ ഗോതമ്പും കേടായതായി സപ്ളൈകോയുടെ റിപ്പോർട്ട്. മേൻമയുള്ള ധാന്യങ്ങൾ മറിച്ചുവിറ്റശേഷം റേഷൻകടകളിൽ വിതരണം നടത്താൻ കരിഞ്ചന്തക്കാരിൽ നിന്നു സംഭരിച്ചതാണ് ഇതെന്നാണ് കരുതുന്നത്. വിതരണം ചെയ്തു തുടങ്ങിയപ്പോൾ പരാതി ഉയർന്നതോടെയാണ് കേടായെന്ന് സ്ഥാപിച്ച് നശിപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് സംശയം.
ഇത് അന്വേഷിക്കാൻ സാങ്കേതിക സമിതിയെ ചുമതലപ്പെടുത്തി സിവിൽ സപ്ളൈസ് വകുപ്പ് സെക്രട്ടറി ഉത്തരവിട്ടു.
സൗജന്യ അരി വിതരണം നടന്നിട്ടും ഇത്രത്തോളം ധാന്യം എങ്ങനെ കേടുവന്നു എന്നതാണ് സംശയം ഉയർത്തിത്. എൻ.എഫ്.എസ്.എ ഗോഡൗണുകൾ കേന്ദ്രീകരിച്ച് നേരത്തെ പല തട്ടിപ്പുകളും കണ്ടെത്തിയിരുന്നു. നല്ല അരിയും ഗോതമ്പും കരിഞ്ചന്തയിലേക്ക് മറിച്ച് നൽകിയിട്ട് ഇടനിലക്കാർ എത്തിച്ച മോശം അരിയും ഗോതമ്പും പല ഗോഡൗണിൽ സൂക്ഷിക്കുന്നതായി ആരോപണമുണ്ട്.
ഈ ധാന്യങ്ങൾ നശിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ 14നാണ് സപ്ലൈകോ, സിവിൽ സപ്ളൈസ് വകുപ്പിന് റിപ്പോർട്ട് നൽകിയത്. പിന്നാലെ കേടായ അരി മുഴുവൻ നശിപ്പിക്കണമെന്ന് ചില ഗോഡൗണുകളും ആവശ്യപ്പെട്ടിരുന്നു. ഇതും വകുപ്പ് തള്ളി.
സപ്ലൈകോയുടെ ഗുണനിലവാര പരിശോധകർ, ഭക്ഷ്യലാബിന്റെ പ്രതിനിധി, എഫ്.സി.ഐ പ്രതിനിധി, പൊതുവിതരണ വകുപ്പ് പ്രതിനിധി എന്നിവരുൾപ്പെടുന്ന സാങ്കേതിക സമിതിയാണ് ഇക്കാര്യം അന്വേഷിക്കുക. സ്റ്റോക്ക് പരിശോധിച്ച് 15 ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും.
റേഷൻ കടകളിൽ കേടായ അരി
കഴിഞ്ഞ മാസം നീല, വെള്ള കാർഡുകാർക്കായി റേഷൻകടകളിൽ എത്തിച്ച അരിച്ചാക്കുകളിൽ പലതും പൊടിയും പ്രാണികളും നിറഞ്ഞതായിരുന്നുവെന്ന് പരാതി ഉയർന്നിരുന്നു. ഗോതമ്പിന്റെയും ഗുണനിലവാരം കുറവായിരുന്നു.എഫ്.സി.ഐയുടെ മുദ്ര ഇല്ലാത്ത ചാക്കുകളിലാണ് ഇവ കടകളിലെത്തിയത്. പുതിയ സ്റ്റോക്കായി എഫ്.സി.ഐയിൽ നിന്ന് എത്തിയ അരിയുടെ സ്ഥാനത്താണ് പഴകിയ അരി കണ്ടത്.വ്യാപാരികൾ പരാതിപ്പെട്ടതോടെ ഡിപ്പോകളിൽ നടത്തിയ പരിശോധനയിലാണ് ടൺകണക്കിന് കേടായ അരിയും ഗോതമ്പും കണ്ടെത്തിയത്. കേന്ദ്രസർക്കാർ 22 രൂപയ്ക്ക് നൽകിയ അരിയാണ് സംസ്ഥാന സർക്കാർ 15 രൂപയ്ക്ക് വിതണം ചെയ്യുന്നത്.
നശിച്ചത് നാല് കോടി
രൂപയുടെ അരി
ഓപ്പൺ മാർക്കറ്റ് സ്കീം പ്രകാരം എഫ്.സി.ഐയിൽ നിന്നും സംസ്ഥാനം അരിവാങ്ങുന്നത് കിലോഗ്രാമിന് 22 രൂപ നിരക്കിലാണ്.1892 ടൺ അരിക്ക് 4,16,24,044 രൂപ വിലവരും.
സാങ്കേതിക സമിതി പരിശോധിക്കുന്നത്
മാറ്റി വച്ച സ്റ്റോക്ക് പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.
മിൽ ക്ലീനിംഗ് നടത്തി ഉപയോഗിക്കാവുന്നവ, കാലിത്തീറ്റയായി ഉപയോഗിക്കാവുന്നവ, വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കാവുന്നവ എന്നിങ്ങനെ തരംതിരിച്ച് അളവ് നൽകണം.
ബാക്കിയുള്ളവ സപ്ളൈകോയ്ക്ക് നശിപ്പിക്കാം,
കൈമാറുന്ന മോശം ധാന്യം തിരികെ വിപണിയിൽ എത്താതിരിക്കാൻ ക്രമീകരണം സപ്ളൈകോ ചെയ്യണം.