മടങ്ങിവരവിലെ ആദ്യ മത്സരത്തിൽ ലിവർപൂളിന് സമനില
കിരീട നേട്ടത്തിലെത്താൻ ഇനിയും കാത്തിരിക്കണം
ലിവർപൂൾ 0- എവർട്ടൺ 0
ലണ്ടൻ : കൊവിഡാനന്തര കാലത്തെ തങ്ങളുടെ ആദ്യ പ്രിമിയർലീഗ് മത്സരത്തിനിറങ്ങിയ ലിവർപൂളിന് നിരാശയുടെ സമനില. ഇന്നലെ എവർട്ടണാണ് പോയിന്റ് പട്ടികയിൽ ബഹുകാതം മുന്നിൽനിൽക്കുന്നവരെ ഗോളില്ലാ സമനിലയിൽ തളച്ചത്.
എവർട്ടന്റെ പ്രതിരോധ മതിലിൽ തട്ടിയാണ് ലിവർപൂളിന്റെ വിജയ പ്രതീക്ഷകൾ തകർന്നത്. 1990 നുശേഷം ആദ്യമായി പ്രിമിയർ ലീഗ് കിരീടം നേടാൻ കാത്തിരിക്കുന്ന ലിവർപൂളിനെതിരെ ചില അപ്രതീക്ഷിത മുന്നേറ്റങ്ങൾ നടത്താനും കാർലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന എവർട്ടണിന് കഴിഞ്ഞു.
ഇൗ സമനിലയോടെ ലിവർപൂളിന് 30 മത്സരങ്ങളിൽനിന്ന് 83 പോയിന്റായി രണ്ടാംസ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 60 പോയിന്റാണുള്ളത്. 54 പോയിന്റുമായി ലെസ്റ്റർ സിറ്റിയാണ് മൂന്നാമത്.
കഴിഞ്ഞരാത്രി നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ 2-1ന് കീഴടക്കിയ ചെൽസി 51 പോയിന്റുമായി നാലാം സ്ഥാനത്താണ്. 43-ാം മിനിട്ടിൽ ഹൗസേയുടെ ഗോളിന് മുന്നിൽ നിന്ന ആസ്റ്റൺ വില്ലയെ 60-ാം മിനിട്ടിൽ പുലിസിച്ചും 62-ാം മിനിട്ടിൽ ഒളിവർ ജിറൂദും നേടിയ ഗോളുകൾക്കാണ് ചെൽസി മറികടന്നത്. മറ്റൊരു മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ഷെഫീൽഡ് യുണൈറ്റഡിനെ സമനിലയിൽ തളച്ചു.
പോയിന്റ് നില
ടീം, കളി, പോയിന്റ് ക്രമത്തിൽ
ലിവർപൂൾ 30-83
മാഞ്ചസ്റ്റർ സിറ്റി 29-60
ലെസ്റ്റർ സിറ്റി 30-54
ചെൽസി 30-51
മാഞ്ച യുണൈറ്റഡ് 30-46