ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ് എന്നതാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള മാർഗമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന നിർദേശം. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ കൊവിഡ് പരിശോധന കുറവായിരുന്നു. എന്നാൽ ഇപ്പോൾ ശരാശരി 4500 സാമ്പിളുകൾ പരിശോധിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഇത് ആയിരത്തിൽ താഴെയായിരുന്നു. പരിശോധനാ കിറ്റുകൾകൾക്ക് നിലവിൽ കുറവില്ലെങ്കിലും കരുതൽ ശേഖരമായി കിറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. ഏത് നിമിഷവും വലിയൊരു പൊട്ടിത്തെറി പ്രതീക്ഷിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ ആയിരക്കണക്കിന് പേരെ ഒരേസമയം പരിശോധിക്കേണ്ടിവരുമെന്നതിനാലാണിത്. 1,19,302 ആർ.എൻ.എ കിറ്റുകളും 80754 പി.സി.ആർ കിറ്റുകളും സ്റ്റോക്കുണ്ട്.
ഇതുവരെ പരിശോധന 2,24,405
സംസ്ഥാനത്ത് ഇതുവരെ 2,24,405 സാമ്പിളുകളാണ് പരിശോധിച്ചത്.
റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ 1,85,903 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 2266 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 38,502 സാമ്പിളുകൾ ശേഖരിച്ചതിൽ 37,539 സാമ്പിളുകൾ നെഗറ്റീവായി.