തിരുവനന്തപുരം: യോഗ്യതയില്ലാത്തവരെ ബാലാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ സർക്കാർ അധാർമിക നീക്കമാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അറിവോടെയാണ് ഇത്.
ചീഫ് സെക്രട്ടറിക്ക് തുല്യപദവിയാണ് ബാലാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനം. മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽപ്പറത്തി ഇത്തരമൊരു നിയമനത്തിന് സർക്കാരിനെ പ്രേരിപ്പിച്ച ഘടകം ചെയർമാൻ സ്ഥാനത്തേക്ക് സർക്കാർ പരിഗണിച്ച വ്യക്തി സി.പി.എം അനുഭാവിയാണെന്നതാണ്. സ്വജനപക്ഷപാതത്തിന് പേരുകേട്ട സർക്കാരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കേണ്ടതില്ല.
ചെയർമാൻ പദവിക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിക്ക് കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയം ഉണ്ടാകണമെന്നാണ് ചട്ടം. ഇതൊഴിവാക്കിയാണ് സാമൂഹ്യക്ഷേമ വകുപ്പ് തലശ്ശേരിക്കാരനായ സി.പി.എം അനുഭാവിയെ നിയമിക്കുന്നത്. പത്തുവർഷത്തെ പ്രവർത്തിപരിചയമെന്ന നിബന്ധന തിരുത്തി പകരം ശിശുക്ഷേമ മേഖലയിലെ പ്രവർത്തനപരിചയം എന്നാക്കി. പോക്‌സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിർന്ന ജഡ്ജിമാരേയും ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻ ചെയർമാനേയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി അദ്ധ്യക്ഷയായ സമിതി നടത്തിയ അഭിമുഖത്തിൽ ഇദ്ദേഹത്തിന് ഒന്നാം റാങ്ക് നൽകിയത്. ഒരു സ്കൂൾ പി.ടി.എയിലും മാനേജ്‌മെന്റിലും മൂന്ന് വർഷത്തെ പരിചയസമ്പത്താണ് ഇദ്ദേഹത്തിന്റെ ബയോഡാറ്റയിൽ നൽകിയിട്ടുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു.