തിരുവനന്തപുരം: പ്രവാസികളോട് കേറിവാടാ മക്കളേയെന്ന് പറഞ്ഞവർ ഇപ്പോൾ കടക്ക് പുറത്ത് എന്നാണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നെന്നാരോപിച്ച് മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഗൾഫിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നത് അനീതിയാണ്. ഇവിടേക്ക് വരുന്നത് അവരുടെ ജന്മാവകാശമാണ്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ഉപനേതാവ് എം.കെ മുനീറും ചേർന്ന് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകും.
ലോക കേരള സഭയും നോർക്കയും പ്രവാസികൾക്ക് ഒരു കുപ്പി വെള്ളം പോലും നൽകിയില്ല. കോഴിക്കോട് സർവകലാശാല വി.സി കസേരയിൽ ഒമ്പതു മാസമായി ആളില്ല. ഗവർണർക്ക് ഒരു നിലപാടും സർക്കാരിന് മറ്റൊന്നുമാണ്. പരീക്ഷ അടുത്തിരിക്കെ എത്രയും പെട്ടെന്ന് വി.സിയെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.