തിരുവനന്തപുരം:പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്‌ക്കെതിരെ മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയിദ് ഹൈദരലി ശിഹാബ് തങ്ങൾ വീഡിയോ സന്ദേശത്തിലൂടെ ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. വീഡിയോ സന്ദേശത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും പ്രവാസികളെ സർക്കാർ കൈവിട്ടെന്നും പ്രവാസികളെ കഷ്ടപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു. പുറത്തുനിന്ന് വരുന്നവർക്ക് രോഗമുണ്ടെങ്കിൽ അവരെ ചികിത്സിച്ച് ഭേദമാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം അവരോട് വരേണ്ടെന്ന് പറയുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എം.എൽ.എമാരായ എം.കെ മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, എൻ. ഷംസുദ്ദീൻ, കെ.എൻ.എ കാദർ, സി. മമ്മൂട്ടി, ടി. അഹമ്മദ് കബീർ, പി. ഉബൈദുല്ല, ടി.വി. ഇബ്റാഹീം, പാറക്കൽ അബ്ദുല്ല, ആബിദ് ഹുസൈൻ തങ്ങൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.