കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ കീഴടങ്ങിയ മുഖ്യപ്രതി നെട്ടൂർ മേക്കാട്ട് സഹൽ ഹംസയെ (23) കൂടുതൽ ചോദ്യം ചെയ്യാൻ എട്ടു ദിവസത്തേക്ക് മജിസ്ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തു. ജൂൺ 18 നാണ് സഹൽ കോടതിയിൽ കീഴടങ്ങിയത്. അഭിമന്യുവിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തിയും മറ്റും കണ്ടെത്താനും കൊലയാളികളുടെ ഒളിത്താവളങ്ങൾ കണ്ടെത്താനും ഇയാളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വാദം. 2017 ജൂലായ് രണ്ടിനാണ് എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ കൊലപ്പെടുത്തിയത്. അഭിമന്യുവിനെ കുത്തി വീഴ്‌ത്തിയത് സഹലാണെന്നാണ് പൊലീസിന്റെ നിഗമനം. കോടതിയിൽ നൽകിയ റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്.