തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപനത്തിന്റെ സാദ്ധ്യത കണക്കിലെടുത്ത് ചാല ഉൾപ്പെടെയുള്ള നഗരപരിധിയിലെ മാർക്കറ്റുകളിൽ തുറന്ന് പ്രവർത്തിക്കുന്ന കടകളുടെ എണ്ണം പകുതിയാക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. മാളുകൾക്കും സൂപ്പർ മാർക്കറ്റുകൾക്കും തീരുമാനം ബാധകമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകൾക്ക് തുറന്ന് പ്രവർത്തിക്കാൻ കഴിയൂ. ആളുകളുടെ പ്രവേശനത്തിന് പൊലീസിന്റെ സഹായത്തോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നഗരത്തിൽ ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരസഭയിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത്. ചാല, പാളയം എന്നീ മാർക്കറ്റുകളിലെ വ്യാപാരി വ്യവസായികളുടെ യോഗം അടിയന്തരമായി നഗരസഭയിൽ ചേരും. തമിഴ്നാട്ടിലുൾപ്പെടെ മത്സ്യബന്ധനത്തിനായി പോകുന്നതിനാൽ തീരദേശ മേഖലകളിലും നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയിൽ നിലവിലുള്ള 31 ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈൻ സെന്ററുകൾക്ക് പുറമേ തീരദേശ മേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുംമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെൽത്ത് സർക്കിളുകൾ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ക്വാറന്റൈൻ സെന്ററുകൾ കൂടി നഗരസഭ ആരംഭിക്കും. പ്രവാസികളുടെ ഹോം ക്വാറന്റൈൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരദേശത്ത് ആശങ്ക നിലനിൽക്കുന്നതിനാലാണ് പുതിയ തീരുമാനം. വിവാഹം, മരണം തുടങ്ങിയ പൊതുപരിപാടികളിൽ പ്രോട്ടോക്കോൾ ലംഘനം നടന്നാൽ പൊലീസ് സഹായത്തോടെ കർശന നടപടി സ്വീകരിക്കും. വാർഡുതല സമിതികൾ ശക്തിപ്പെടുത്താനും നിരീക്ഷണത്തിന്റെ ഭാഗമായുള്ള വോളന്റിയർമാരുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും യോഗത്തിൽ ധാരണയായി. ജില്ലാ കളക്ടർ നവജ്യോത് ഖോസ, ഡി.സി.പി ഡോ. ദിവ്യ വി. ഗോപിനാഥ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ഡി.എം.ഒ പി.പി. പ്രീത, നഗരസഭാ കക്ഷിനേതാക്കൾ, സെക്രട്ടറി എൽ.എസ്. ദീപ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
നഗരസഭ ഓഫീസിലും കടുത്ത നിയന്ത്രണം
കൊവിഡ് സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾ ഏറെ വന്നുപോകുന്ന കേന്ദ്രമെന്ന നിലയിൽ നഗരസഭ ഓഫീസിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മേയർ അറിയിച്ചു. ഓഫീസിന് പുറത്ത് പ്രത്യേക കൗണ്ടർ ഏർപ്പെടുത്തി പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന രീതിയിലാണ് ക്രമീകരണം വരുന്നത്. ഇതിനുപുറമേ complaints.tmc@gmail.com എന്ന ഇ - മെയിലിലേക്കോ smarttvm.corporationoftrivandrum.in എന്ന വെബ്‌സൈറ്റിലേക്കോ 8590036770 എന്ന വാട്സ്ആപ്പ് നമ്പരിലേക്കോ പരാതികൾ അയയ്ക്കാം.
നിർദ്ദേശങ്ങൾ
---------------------
എല്ലാ കടകളിലും കൈകഴുകൽ കേന്ദ്രവും
സാനിറ്റൈസറും നിർബന്ധമായും ക്രമീകരിക്കണം
ശാരീരിക അകലം പാലിക്കുന്നുണ്ടോ
എന്ന് ഉറപ്പുവരുത്തുകയും വേണം
വീഴ്ച വരുത്തിയാൽ കടകൾ അടച്ച് പൂട്ടും
താത്കാലികമായി ലൈസൻസ് റദ്ദ് ചെയ്യും
5 ക്വാറന്റൈൻ കേന്ദ്രങ്ങൾ