mobile-

തിരുവനന്തപുരം: ചൈനയുടെ `വലയിൽ' മോഡേൺ ലൈഫ് കെട്ടിപ്പടുത്ത പുത്തൻതലമുറ വെട്ടിലായ അവസ്ഥയിലാണിപ്പോൾ.

അത്യാവശ്യ സാധനങ്ങളെന്ന് ന്യൂജെൻ കരുതുന്ന പലതും കിട്ടാതായി.ഒാൺലൈൻ പഠനമായാലും വീട്ടിലിരുന്ന് ജോലി ചെയ്യാനായാലും കൂടുതൽ ആശ്രയിച്ചിരുന്നത് ചൈനീസ് ഉത്പന്നങ്ങളെയാണ്. കമ്പ്യൂട്ടറും, മൊബൈലും അതിന്റെ ഘടകങ്ങളും അടക്കം ഒട്ടുമിക്ക ഇലക്ട്രോണിക് ഉത്പന്നങ്ങളും ഇതിൽപ്പെടും.

കൊവിഡ് വ്യാപനം കാരണം വരവ് നിലച്ചതിനു പിന്നാലെ ലഡാക്ക് സംഘർഷംകൂടി ആയതോടെ ഉടനൊന്നും ഇവ എത്താൻ സാദ്ധ്യതയില്ല.കേരളത്തിലെ ഇലക്ട്രോണിക്സ് കടകളിൽ നോ സ്റ്റോക്ക് ബോർഡ് തൂങ്ങാൻ തുടങ്ങി.

വീട്ടിലിരുന്ന് പഠിക്കാനും ജോലി ചെയ്യാനും കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും പുറമേ വെബ് ക്യാം, മൈക്കോടുകൂടിയ സ്പീക്കർ, ഇന്റർനെറ്റ് ഡോംഗിൾ എന്നിവ വേണം. സാംസങ്, ഏസർ, ലെനോവ, എച്ച്. പി, ഡെൽ, സിയോമി, അസ്യൂസ് തുടങ്ങിയവയാണ് ഇവിടെ കിട്ടുന്ന ബ്രാൻഡുകൾ. ഡെല്ലും അസ്യൂസും,സാംസങ്ങും ഒഴികെയെല്ലാം ചെെനയിൽ നിന്നാണ്. ബാറ്ററി, കീബോർഡ്, മൗസ്,​ മദർബോർഡ്, കവർ, കീപാഡ്, പോർട്ടുകൾ എന്നിവയും വരുന്നത് ചെെനയിൽ നിന്നാണ്. ഇവ കേടായാൽ മാറ്റിവെയ്ക്കാൻ സാധനങ്ങളില്ലെന്നാണ് സർവീസ് സെന്ററുകാർ പറയുന്നത്.

ഓൺലൈൻ ക്ലാസും വർക്ക് ഫ്രം ഹോമും വന്നതോടെ അനുബന്ധ ഉപകരണങ്ങളുടെ വിപണി മൂന്നിരട്ടിയോളം വർദ്ധിക്കുമെന്നാണ് കണക്ക്. അതനുസരിച്ച് ഇറക്കുമതി ചെയ്യാനാകുന്നില്ല.

ഒാൺലൈൻ പഠനം തുടങ്ങിയതോടെ സ്‌മാർട്ട് ഫോൺ വിപണി കുത്തനെ ഉയർന്നു. ഇതിൽ പകുതിയും സിയോമി എന്ന ചെെനീസ് കമ്പനിയുടേതാണ്. കേന്ദ്രസർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന സിയോമിക്ക് പ്രിയമേറെയാണ്.കമ്പ്യൂട്ടർ - സ്മാർട്ട് ഫോൺ - അനുബന്ധ മേഖലകളിൽ ഇന്ത്യയിലെ വാർഷിക വില്പനയിൽ മുക്കാൽ പങ്കും ചൈനീസ് ഉത്പന്നങ്ങളാണ്.

ഇന്ത്യയിലെ വാർഷിക വില്പന

2018 -19.........76,​000 കോടി

2019 -20........ 91,​282.5 കോടി

കേരളത്തിൽ

(രാജ്യത്തെ വിൽപ്പനയുടെ 15%)

2019 -20......... 13,​000 കോടി

കേരളത്തിൽ അടിയന്തര

ആവശ്യം നേരിട്ടവർ

# 52 ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾ,

# 20 ലക്ഷം കോളേജ് വിദ്യാർത്ഥികൾ

# നാല് ലക്ഷം സർക്കാർ ജോലിക്കാർ

# 1.5ലക്ഷം അദ്ധ്യാപകർ.

(ഇവരിൽ ഭൂരിപക്ഷവും കമ്പ്യൂട്ടറോ, സ്‌മാർട്ട് ഫോണോ നേരത്തേതന്നെ ഉപയോഗിക്കുന്നവരാണ്).

ഇന്ത്യയിലെ കച്ചവടം

ഉത്പന്നങ്ങൾ ..................പ്രതിവർഷ വില്പന .........ചെെനയുടേത്

@മൊബൈൽ ഫോൺ - 3.29 കോടി എണ്ണം ........2.48 കോടി എണ്ണം

@ ടിവി ............................. 1.5 കോടി എണ്ണം .............1.2കോടി എണ്ണം

@കമ്പ്യൂട്ടർ/ ലാപ്ടോപ്പ് ....1.10 കോടി എണ്ണം....... 73ലക്ഷം എണ്ണം

@അനുബന്ധവസ്തു........ 1 ലക്ഷം കോടി രൂപ .........0.67 ലക്ഷം കോടി രൂപ