തിരുവനന്തപുരം: ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ ചന്ദ്രൻ എന്ന കുഞ്ഞല സ്വാമിയെ കോടതി ജീവപര്യന്തം കഠിന തടവിനും അൻപതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. കിളിമാനൂർ പൊയ്ക്കട വലിയവിള വീട്ടിൽ ബീന കുമാരി(43) യെയാണ് കൊലപ്പെടുത്തിയത്. അഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഷിജു ഷേയ്ക്കാണ് കേസ് പരിഗണിച്ചത്.
2009 ഡിസംബർ 26 ന് രാവിലെ അഞ്ച് മണിക്കാണ് ബീനകുമാരി കൊല്ലപ്പെട്ടത്. സംഭവ സമയം ചന്ദ്രനും ബീന കുമാരിക്കും പുറമെ മൂന്നര വയസുളള മകൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭാര്യയുടെ ചാരിത്ര്യശുദ്ധിയിൽ സംശയമുണ്ടായിരുന്ന ചന്ദ്രൻ ഇതിന്റെ പേരിൽ ഇവരെ ക്രൂരമായി മർദ്ദിച്ചിരുന്നു. സംഭവ ദിവസം ബീനകുമാരിയുടെ നിലവിളി കേട്ടെങ്കിലും പതിവുളള വഴക്കായിക്കണ്ട് നാട്ടുകാർ അത് അത്ര കാര്യമാക്കിയിരുന്നില്ല.
വീടിന് മുൻ വശം തയ്യൽക്കട നടത്തിയിരുന്ന ബീനകുമാരി സംഭവ ദിവസം ഉച്ചയായിട്ടും കട തുറക്കാത്തതിൽ സംശയം തോന്നിയ നാട്ടുകാർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. കിളിമാനൂർ പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ അടുക്കള ഭാഗത്തുളള ഇടനാഴിയിൽ തലച്ചോറ് ചിതറിയ നിലയിൽ ബീന കുമാരിയുടെ മൃതദേഹം കാണപ്പെട്ടത്. വിചാരണ വേളയിൽ മകൾ കൂറുമാറി പ്രതിക്ക് അനുകൂലമായ മൊഴി നൽകിയെങ്കിലും സംഭവ ദിവസം വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുളളൂ എന്ന മകളുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തു. മാത്രമല്ല വീട്ടിൽ ഉണ്ടായിരുന്ന മൂന്നര വയസുകാരൻ മകൻ അയൽവാസിയായ ആശയോട് അച്ഛൻ അമ്മയെ വടി കൊണ്ട് തലയ്ക്ക് അടിക്കുന്നത് കണ്ടു എന്ന് പറഞ്ഞിരുന്ന കാര്യം ആശ കോടതിയിൽ എത്തി മൊഴി നൽകിയിരുന്നു.
ബീനകുമാരിയെ കൊലപ്പെടുത്തുന്നതിന് നാല് മാസം മുൻപ് അവരുടെ സഹോദരൻ ശശിധരൻ വാങ്ങിയ പണം മടക്കി നൽകിയില്ലെന്നു പറഞ്ഞ് പ്രതി അയാളുടെ ഇരു കാലുകളും തല്ലിയൊടിച്ചിരുന്നു. ജില്ലാ പ്രോസിക്യൂട്ടർ വെമ്പായം എ.എ.ഹക്കീം ഹാജരായി.