edu
വിദ്യാഭ്യാസം

തിരുവനന്തപുരം: ബിരുദ സമ്പാദനത്തിനപ്പുറം, ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ ഉറപ്പാക്കുന്ന അത്യാധുനിക ബിരുദ കോഴ്സുകൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റും.നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), സാംക്രമികരോഗ പ്രതിരോധം, വൈറോളജി, റോബോട്ടിക്സ് തുടങ്ങിയ കോഴ്സുകൾ വരുന്നതോടെ കേരളം ആഗോളവിദ്യാഭ്യാസ ഹബ്ബായി മാറും.

നാല് വർഷത്തെ ഓണേഴ്സ് ബിരുദം, ട്രിപ്പിൾ മെയിനുള്ള ബിരുദം, ബിരുദ പഠനത്തിനിടെ ഗവേഷണം എന്നിങ്ങനെ വമ്പൻ തൊഴിൽ സാദ്ധ്യതകളുള്ള കോഴ്സുകൾക്കാണ് എം.ജി വൈസ്ചാൻസലർ ഡോ.സാബുതോമസ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ. എപ്പിഡമിയോളജി, വൈറോളജി, ഇമ്യൂണോളജി, ബയോളജിക്കൽ ഡേറ്റാ മാനേജ്മെന്റ്, മെഡിക്കൽ ഡോക്യുമെേന്റഷൻ കോഴ്സുകൾ വിദേശ വിദ്യാർത്ഥികളെപ്പോലും ആകർഷിക്കുന്നവയാണ്. ക്ലൈമ​റ്റ്‌ മോണി​റ്ററിംഗ്, പൊല്യൂഷൻ കൺട്രോൾ, ഹെൽത്ത് സേഫ്​റ്റി എൻവയൺമെന്റ്, ഫിഷ് ഫാം-പ്ലാന്റേഷൻ മാനേജ്മെന്റ്, ഫുഡ് ക്വാളി​റ്റി അഷ്വറൻസ്, ഡിസാസ്​റ്റർ മാനേജ്മെന്റ്, ആർക്കൈവൽ സ്​റ്റഡീസ്, സോഷ്യൽ മീഡിയാ ജേണലിസം, നഗരാസൂത്രണം, ക്രിമിനോളജി തുടങ്ങിയവ പുതിയ തൊഴിൽമേഖലകൾ സൃഷ്ടിക്കും. ഇത്തരം 49 കോഴ്സുകൾക്കാണ് ശുപാർശ.

ഐ.ടിമേഖലയിലടക്കം വൈദഗ്ദ്ധ്യമുള്ളവരെ ലഭിക്കുന്നില്ലെന്നാണ് കമ്പനികളുടെ പരാതി. തൊഴിൽ വൈദഗ്ദ്യം വികസിപ്പിക്കാൻ 'എക്സിക്യൂട്ടീവ് ഡെവലപ്മെന്റ്' ഹ്രസ്വകാല കോഴ്സുകൾ തുടങ്ങുന്നതോടെ ഈ പ്രതിസന്ധിയൊഴിയും. സമർത്ഥർക്ക് നാലുവർഷ ബിരുദപഠനത്തിനിടെ മൈനർ ഡിഗ്രിയും നേടാം. കെമിക്കൽ ബയോളജി, സിസ്റ്റം ബയോളജി, കമ്പ്യൂട്ടേഷണൽ ബയോളജി, ജെനിറ്റിക്സ്, മോളിക്യുലാർ ബയോളജി, ബയോഇൻഫോമാറ്റിക്സ്, കമ്പ്യൂട്ടർസയൻസ് ആൻഡ് സ്റ്റാറ്റിക്‌സ് എന്നിവയിൽ ട്രിപ്പിൾമെയിൻ വരുന്നതോടെ കോഴ്സുകളുടെ തുല്യതാപ്രശ്‌നം തീരും. മൂന്ന് സർവകലാശാലകളിൽ മൂന്ന് സെമസ്റ്ററുകൾ പഠിച്ച്, നാലാംസെമസ്റ്റർ പ്രോജക്ടാക്കുന്നത് ബിരുദാനന്തരബിരുദ പഠനത്തിന്റെ മുഖച്ഛായ മാറ്റും. ഓർമ്മശക്തി പരീക്ഷിക്കുന്നതിന് പകരം അക്കാഡമിക് രചനയും ക്രിയാത്മക കഴിവുകളും പരീക്ഷയിൽ ഉൾപ്പെടുത്താനും ശുപാർശയുണ്ട്.

60 കോഴ്സുകളെങ്കിലും

200 അത്യാധുനിക കോഴ്സുകൾ തുടങ്ങാനാണ് ശുപാർശയെങ്കിലും കടുത്ത സാമ്പത്തികപ്രതിസന്ധി വെല്ലുവിളിയാണ്. സർക്കാർ, എയ്ഡഡ് കോളേജുകളിൽ ലബോറട്ടറി, ലൈബ്രറി അടക്കം അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കേണ്ടിവരും. നാക്-എ ഗ്രേഡുള്ള കോളേജുകളിൽ 60നൂതന കോഴ്സുകൾ തുടങ്ങുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും വിഹിതം നീക്കിവച്ചിട്ടില്ല.

ഇനി സാദ്ധ്യത

1)നൂതന കോഴ്സുകൾക്കുള്ള ശുപാർശയിൽ ഇടതുമുന്നണിയിൽ ചർച്ച

2)സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള ധനവകുപ്പിന്റെ റിപ്പോർട്ടിൽ മന്ത്രിസഭാ ചർച്ച

4)അടിസ്ഥാനസൗകര്യമുള്ള മികച്ച കോളേജുകൾക്ക് കോഴ്സ്