പാപ്പിനിശേരി: ദേശീയപാതയിൽ ടാങ്കർലോറി നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ആലക്കോട് ഒടുവള്ളി ഹാജി വളവ് സ്വദേശി അപ്പുക്കുട്ടനാ (42)ണ് തലയ്ക്ക് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 6.45 നാണ് അപകടം. എതിർദിശയിൽ നിന്നുംവന്ന മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കീച്ചേരി ദേശീയപാതയ്ക്കരികിൽ വെച്ച് ടാങ്കർലോറി നിയന്ത്രണംവിട്ട് പെട്രോൾപമ്പിന് സമീപത്തെ വീട്ടുപറമ്പിലേക്ക് പാഞ്ഞുകയറി. അപകടത്തിൽ വൈദ്യുതി തൂണും തകർന്നു. കരുവഞ്ചാലിൽ നിന്നും പെട്രോൾ എടുക്കുന്നതിന് കണ്ണൂരിലേക്ക് പോകുന്നതിനിടയിലാണ് അപകടമെന്ന് നാട്ടുകാർ പറഞ്ഞു.