തിരുവനന്തപുരം: മണക്കാട് കൊവിഡ് സ്ഥിരീകരിച്ച ആട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് അതി സങ്കീർണമെന്ന് ആരോഗ്യ വകുപ്പ്. ആശുപത്രിയിൽ അഡ്മിറ്റാവുന്നത് വരെയുള്ള മിക്ക ദിവസങ്ങളിലും ഇയാൾ നിരവധി യാത്രക്കാരുമായി നഗരം ചുറ്റിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. കരമന,ആനയറ,വട്ടിയൂർക്കാവ്,തിരുമല,പൂജപ്പുര,കുളത്തറ, പാൽക്കുളങ്ങര,സ്റ്റാച്യു,വഞ്ചിയൂർ,തമ്പാനൂർ,പേരൂർക്കട,അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് ഇയാൾ പോയിട്ടുണ്ട്. രോഗലക്ഷണങ്ങൾ തുടങ്ങുന്ന ദിവസം വരെ ഇയാൾ ആട്ടോറിക്ഷ ഓടിച്ചിരുന്നു. സീരിയലുകളിൽ ജൂനിയർ ആർട്ടിസ്റ്റായും ജോലി ചെയ്യാറുണ്ട്. രോഗം സ്ഥിരീകരിക്കുന്നതിനു മുൻപുള്ള ദിവസങ്ങളിൽ നഗരത്തിലെ പല ആട്ടോറിക്ഷാ സ്റ്റാൻഡുകളിലും പോയി. ചില കടകളിലും എത്തിയിരുന്നു. ഈ പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുള്ളത്. അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡ് അടച്ചു. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി,ജഗതി കിള്ളിപ്പാലം,കൈതമുക്ക് ചെട്ടിക്കളങ്ങര, കുമരിച്ചന്ത,അമ്പലത്തറ എന്നീ റോഡുകളും അടച്ചു. രോഗലക്ഷണം വന്ന ശേഷം പൂജപ്പുരയിലെ ഒരു വീട്ടിൽ വച്ചു നടന്ന സീരിയൽ ഷൂട്ടിംഗിലും ഇയാൾ പങ്കെടുത്തു. KL-01 ബി.ജെ 4836 ആണ് ഇയാളുടെ ആട്ടോയുടെ നമ്പർ. കുട്ടികളടക്കം നിരവധി പേർ ഈ കുടുംബവുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരുമടക്കം സമ്പർക്ക വിലക്കിലാണ്. ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടവും ഇതുവരെ കണ്ടെത്താനായിട്ടില്ല.12ന് ഇയാൾ രോഗലക്ഷണങ്ങളോടെ ഐരാണിമുട്ടം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. 17ന് ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. ഇവിടെനിന്നാണ് ജനറൽ ആശുപത്രിയിലേക്കു മാറ്റിയത്.

റൂട്ട്മാപ്പ് ഇങ്ങനെ

കഴിഞ്ഞ 30 മുതൽ ഇൗ മാസം 19വരെയുള്ള റൂട്ട് മാപ്പാണ് ആരോഗ്യ വിഭാഗം പുറത്തു വിട്ടത്. 30ന് കരമന തളിയലിൽ സീരിയൽ ഷൂട്ടിംഗിൽ പങ്കെടുത്തു,3-10 വരെയുള്ള ദിവസങ്ങളിൽ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സവാരി നടത്തി. 12ന് പനി ആരംഭിച്ചു. അന്ന് പൂജപ്പുരയിൽ ഷൂട്ടിംഗിൽ പങ്കെടുത്തു.13ന് കാലടിയിലെ തേങ്ങ വില്പന കടയിലും ഐരാണിമുട്ടം സി.എച്ച്.സിയിലും ദു‌ർഗ മെഡിക്കൽസിലുമെത്തി. 15ന് ഐരാണിമുട്ടം സി.എച്ച്.സിയിലും ഉത്രം ലാബിലും വന്നു, 11.30ന് ഇന്ത്യൻ ബാങ്കിന്റെ ആറ്റുകാൽ ശാഖയിലും 4.57ന് കാലടിയിലെ വിനായക മാർജിൻ ഫ്രീ സ്റ്റോറിലുമെത്തി. 17ന് രാവിലെ 10.30ന് ആറ്റുകാൽ ദേവി ട്രസ്റ്റ് ആശുപത്രിയിൽ എത്തി. പിറ്റേന്ന് രാവിലെ 7.30ന് പരിശോധനയ്ക്ക് ജനറൽ ആശുപത്രിയിലെത്തി. ആട്ടോയിൽ വീട്ടിലേക്ക് മടങ്ങി. 19ന് ഫലം പോസിറ്റീവായി കുടുംബത്തെ ഉൾപ്പെടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.