തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. ലോക്ക് ഡൗൺ ലംഘിച്ച 120പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗ നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 39 വാഹനങ്ങളുടെ ഉടമകൾക്കെതിരെ നടപടിയെടുത്തു. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 324പേർക്കെതിരെയും നടപടി സ്വീകരിച്ചു. കണ്ടെയ്ൻമെന്റ് സോണുകളായ കാലടി, ആറ്റുകാൽ, മണക്കാട് ചിറമുക്ക്, ഐരാണിമുട്ടം എന്നിവിടങ്ങളിൽ ശക്തമായ നിരീക്ഷണം തുടരുന്നതായി കമ്മിഷണർ അറിയിച്ചു. ഇവിടങ്ങളിലേക്കുള്ള എല്ലാ വഴികളും അടച്ചു. അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർകടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടികുളങ്ങര, കുമരിച്ചന്ത-അമ്പലത്തറ എന്നീ റോഡുകളും ഇന്നലെ പൂർണമായും അടച്ചു. വാഹനങ്ങൾക്കും ആളുകൾക്കും കണ്ടയ്ൻമെന്റ് സോണിലേക്ക് പ്രവേശനം അനുവദിക്കില്ല. മണക്കാട് കുലക്ക ടറോഡ്, മണക്കാട് മഹാറാണി ജംഗ്ഷൻ, മരുതൂർകടവ് പാലം, കരമന-കാലടി തളിയിൽ റോഡ് എന്നീ സ്ഥലങ്ങളാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ. പൊലീസ് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്റണങ്ങൾ എല്ലവരും പാലിക്കണമെന്നും വിലക്കു ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മിഷണർ അറിയിച്ചു.