കോട്ടയം: നഗരമദ്ധ്യത്തിൽ ജ്യൂസ് കട നടത്തുന്ന സ്ത്രീക്കുനേരെ അതിക്രമം കാണിച്ച മദ്യപൻ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കാളകെട്ടി അടിവാരം ഭാഗത്തിൽ കൊടക്കനാൽ വീട്ടിൽ രവീന്ദ്രനെ (46) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുണിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുനക്കര ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. രവീന്ദ്രനും സുഹൃത്തുക്കളും ബസ് സ്റ്റാൻഡിൽ ഇരുന്ന് പരസ്യമായി മദ്യപിച്ചു. ഇതിനിടെ അസഭ്യം പറഞ്ഞതോടെ സ്റ്റാൻഡിൽ കട നടത്തുകയായിരുന്ന തിരുവാതുക്കൽ സ്വദേശിനി സിന്ധു ഇടപെട്ടു. ഇതോടെ ഇവരെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.