പോത്തൻകോട്: അയിരൂപ്പാറ പന്തലക്കോട് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു പേരെ കൂടി വട്ടപ്പാറ പൊലീസ് അറസ്റ്റ്ചെയ്തു. നെയ്യാറ്റിൻകര റസൽപുരം നിഷാ ഭവനിൽ അജീഷ് (32), സാന്ദ്രം ഭവനിൽ ഉമേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. ഇനി ഒരാൾ മാത്രമാണ് പിടിയിലാകാനുള്ളത്. വാഴോട്ട്പൊയ്ക മുക്കോലയ്ക്കൽ പുതുവൽ പുത്തൻവീട്ടിൽ ശ്രീക്കുട്ടന്റെ വീടിനുനേരെയാണ് ആക്രമണം നടന്നത്. ശ്രീക്കുട്ടന്റെ ഭാര്യ അശ്വതിയെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ഏതാനും ദിവസം മുമ്പ് വീടിനു മുന്നിൽ പ്രതികൾ പടക്കമെറിഞ്ഞത് ശ്രീക്കുട്ടൻ ചോദ്യം ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തതിന്റെ പകയാണ് അക്രമത്തിൽ കലാശിച്ചത്. റൂറൽ എസ്.പി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ വട്ടപ്പാറ സി.ഐ. ടി.ബിനുകുമാർ, എസ്.ഐമാരായ സലിൽ, ബാബു സാബത്ത്, എ.എസ്.ഐ ഷാ, സിവിൽ പൊലീസ് ഓഫീസർമാരായ ഷമീർ, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.