തിരുവനന്തപുരം: സമ്പർക്കത്തിലൂടെ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തലസ്ഥാന നഗരത്തിന്റെ ആശങ്കയേറി. 55 വയസുള്ള കരിക്കകം സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരനായിരുന്നുവെന്നത് ഭീതി വർദ്ധിപ്പിക്കുന്നു.

രോഗം സ്ഥിരീകരിച്ച ആൾ നേരത്തെ ചികിത്സ തേടിയ വെൺപാലവട്ടത്തെ കടകംപള്ളി പ്രാഥമികാരോഗ്യ കേന്ദ്രം അടച്ചു. നഗരസഭയുടെ കടകംപള്ളി മേഖലാ ഓഫീസും ഇന്നലെ പ്രവർത്തിച്ചില്ല. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലുള്ള ആൾ ഓഫീസിൽ എത്തിയതായിരുന്നു കാരണം.16ന് കരിക്കകം സ്വദേശിക്ക് പനിയും അമിതമായ ക്ഷീണവും അനുഭവപ്പെട്ടു. 17ന് കടകംപള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽകോളേജ് ആശുപത്രിയിലും ചികിത്സ തേടുകയായിരുന്നു. പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ കൂടിയാണ് ഇയാൾ. രോഗം സ്ഥിരീകരിക്കുന്നതിന് ഏതാനും നാൾ മുമ്പ് പുരുഷ സ്വയം സഹായ സംഘത്തിന്റെ യോഗത്തിൽ ഇയാൾ പങ്കെടുത്തിരുന്നു. അന്ന് ആ യോഗത്തിൽ പങ്കെടുത്ത 16 പേരും ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കരിക്കകത്ത് ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായിട്ടാണ്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ നഗരത്തിൽ ഉറവിടമറിയാതെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായി.