പാറശാല: നാട്ടുകാരായ മത്സ്യത്തൊഴിലാളികളിൽ നിന്നു പിരിച്ചെടുത്ത നാലരക്കോടി രൂപയുമായി വട്ടിപ്പലിശക്കാരിയായ സ്ത്രീ മുങ്ങിയതായി പരാതി. പൊഴിയൂർ കല്ലുവിള വീട്ടിൽ സലോൺസ് മേരിയാണ് നാട്ടുകാരെ കബളിപ്പിച്ച് മുങ്ങിയത്. ദുബായിൽ കമ്പനി നടത്തുന്ന ഭർത്താവിന്റെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞാണ് പലരിൽ നിന്നും പലിശയ്ക്ക് കടം വാങ്ങിയിരുന്നത്. ആദ്യഘട്ടത്തിൽ പലിശ കൃത്യമായി കൊടുത്ത് വിശ്വാസം പറ്റിയതിനെ തുടർന്ന് നിരവധി പേരിൽ നിന്നും പണം കടം വാങ്ങുകയായിരുന്നു. കടം കൊടുത്തവർ അക്കാര്യം പരസ്പരം അറിഞ്ഞിരുന്നില്ല. ഏത് വീട്ടിൽ പണം ഉണ്ടെന്നും ആ പണം എങ്ങനെ സൂത്രത്തിൽ കൈക്കലാക്കാമെന്നുമുള്ള വിദ്യ ഇവർക്ക് അറിയാമെന്നും പണം നഷ്ടപ്പെട്ട സ്ത്രീകൾ പറയുന്നു. നിക്ഷേപകരിൽ പലരും ഇവരുടെ കൂടെ പഠിച്ചവരാണ്. ആ സൗഹൃദം മുതലെടുത്താണ് മറ്റുള്ളവരെ വലയിലാക്കിയിരുന്നത്. പൊഴിയൂരിൽ നിന്നും സിലോൺസ് മേരി രണ്ടു രൂപ പലിശക്കെടുത്ത് കൊടുക്കുന്ന പണം ഭർത്താവ് ഗൾഫിൽ ബിസിനസ്‌ നടത്തുന്ന മലയാളികൾക്ക് പത്ത് രൂപ പലിശയ്ക്ക് കൊടുക്കുകയായിരുന്നു പതിവ്. ഇന്നലെ സിലോൺസ് മേരി മുങ്ങിയെന്ന വിവരം പുറത്തുവന്നപ്പോഴാണ് നാട്ടുകാർ പൊഴിയൂർ പൊലീസിൽ പരാതി നൽകിയത്. ഇവർ മുങ്ങിയെന്ന വാർത്ത പരന്നതിനെ തുടർന്ന് പൊഴിയൂരിലുള്ള ഇവരുടെ വീട്ടിൽ തട്ടിപ്പിന് ഇരയായവരെത്തിയപ്പോൾ സലോൺസ് മേരിയുടെ വീട്ടുകാർ അസഭ്യം പറഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. പതിനായിരം രൂപ മുതൽ 25 ലക്ഷം രൂപ വരെ പലിശയ്ക്ക് സിലോൺസ് മേരി പലരിൽ നിന്നും വാങ്ങിയതായാണ് വിവരം. തട്ടിപ്പിന് ഇരയായവർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് തുടർ നടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. പൊഴിയൂരിൽ ഇതിനു മുൻപും സമാന തട്ടിപ്പുകൾ പലതവണ നടന്നിട്ടുണ്ട്. പരാതി പരിശോധിച്ച് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.