veedu

കല്ലറ: സഹപ്രവർത്തകരായിരുന്ന പ്രണവിന്റെയും സച്ചിന്റെയും ഓർമ്മകൾക്ക് ഇന്ന് രണ്ടാണ്ട് തികയുമ്പോൾ അവരുടെ അമ്മമാർക്ക് തല ചായ്ക്കാൻ സ്നേഹവീടൊരുക്കിയിരിക്കുകയാണ് ഡി.വൈ.എഫ്.ഐ. ഭരതന്നൂർ പുളിക്കര യൂണിറ്റ് സെക്രട്ടറിയും മേഖലാ കമ്മിറ്റി അംഗവുമായിരുന്ന പ്രണവും (23), പുളിക്കര യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന സച്ചിനും (19) 2018 ജൂൺ 24ന് നന്ദിയോട് വച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. വളരെ ചെറിയ പ്രായത്തിൽ കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ ഏറ്റെടുത്ത് കൂലിപ്പണിക്കിറങ്ങിയ ഈ ചെറുപ്പക്കാർ പ്രദേശത്തെ ഏതൊരാവശ്യത്തിനും മുന്നിട്ടിറങ്ങുന്ന യുവജന നേതാക്കൾ കൂടിയായിരുന്നു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന കൂരയിൽ താമസിച്ചിരുന്ന ഇരുവർക്കും വീടെന്നത് വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നങ്ങൾ ബാക്കിയാക്കി ഇരുവരും ഒരുമിച്ച് യാത്രയായപ്പോൾ ഇരു കുടുംബങ്ങൾ മാത്രമല്ല, ഒരു ഗ്രാമമാകെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. എന്നാൽ കണ്ണുകൾ ദാനം ചെയ്ത് മരണാനന്തരവും അവർ പ്രകാശം പരത്തുന്നവരായി. തുടർന്നാണ് നാടിന്റെ പ്രിയങ്കരായ ചെറുപ്പക്കാരുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഡി.വൈ.എഫ്.ഐ മുന്നിട്ടിറങ്ങിയത്. വെഞ്ഞാറമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട്, ഭരതന്നൂർ മേഖലാ കമ്മിറ്റികൾ ഈ ദൗത്യം ഏറ്റെടുത്തു. 2018 ആഗസ്റ്റിൽ ഇരു വീടുകളുടെയും തറക്കല്ലിടൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെയും സംസ്ഥാന കമ്മിറ്റിയംഗം കോലിയക്കോട് എൻ. കൃഷ്ണൻനായരുടെയും നേതൃത്വത്തിൽ നടന്നു. സുമനസുകളുടെ സഹായത്തോടെ ആരംഭിച്ച വീട് നിർമ്മാണത്തിലെ എല്ലാ ജോലികളും യുവാക്കൾ സന്നദ്ധ പ്രവർത്തനമായാണ് ചെയ്തത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് രണ്ടാണ്ട് തികയുമ്പോൾ അവരുടെ സ്വപ്നം പൂർത്തിയാക്കാൻ കഴിഞ്ഞതിലുള്ള അഭിമാനത്തിലാണ് പ്രദേശത്തെ യുവജനസംഘടനാപ്രവർത്തകർ. ഇന്ന് വൈകിട്ട് 4ന് പുളിക്കരയിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ വീടുകളുടെ താക്കോൽ കൈമാറും.