pic

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് മുതൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തുടങ്ങി. സർക്കാർ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനനടപടിയെടുക്കാനാണ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും നൽകിയിരിക്കുന്ന നിർദേശം.തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികളുമായി ഇന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തും.അതിനുശേഷമായിരിക്കും ക്രമീകരണങ്ങൾ സംബന്ധിച്ച തീരുമാനം അറിയിക്കുക.

നഗരത്തിലെ പ്രധാന ചന്തകളിൽ ഒന്നിടവിട്ടുമാത്രമെ കടകൾ തുറക്കാൻ അനുവദിക്കൂ. നഗരത്തിൽ പത്തുപേരിൽ കൂടുതലുള്ള സമരങ്ങളും കൂട്ടംകൂടലും അനുവദിക്കില്ല. ജില്ലാ അതിർത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. ഇതോടൊപ്പം കടകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പഞ്ചായത്തുതലത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങൾ തുറക്കാനും തീരുമാനമായിട്ടുണ്ട്.

അതേസമയം തീവ്രമേഖലകളിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് പ്രത്യേക ചികിത്സാ കേന്ദ്രം സജ്ജമായി. മെഡിക്കൽ കോളേജ് പ്രവേശന കവാടത്തിന് സമീപം പുതിയ അത്യാഹിത വിഭാഗത്തിലാണ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഈ സംവിധാനം.