baby

കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതി രേഖപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞ് അൽപസമയം മുമ്പ് കണ്ണു തുറന്നതായി കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ സാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

രക്ത സ്രാവം നിയന്ത്രിക്കുന്നതിന് ഇന്നലെ നടത്തിയ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞിന്റെ ശരീരം പ്രതികരിച്ച് തുടങ്ങിയിരുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കുട്ടി കണ്ണു തുറക്കാനും, കരയാൻ ശ്രമിക്കാനും തുടങ്ങിയിരുന്നു. കൈ കാലുകൾ അനക്കുകയും ചെയ്തു.ഇന്ന് രാവിലെയോടെ കണ്ണു തുറക്കുകയും, കരച്ചിൽ ശക്തമാക്കുകയും ചെയ്തു. ഇതേ രീതിയിൽ അടുത്ത 48 മണിക്കൂറിൽ കൂടുതൽ പ്രതികരണം കുഞ്ഞിൽ നിന്നുണ്ടായാൽ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടർ സാജൻ പറയുന്നു.

കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശുഭസൂചനയായാണ് ഈ പ്രതികരണങ്ങളെ ഡോക്‌ടർമാർ കാണുന്നത്. തലയിൽ രക്തം കട്ടപിടിച്ച നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. തലച്ചോറിൽ സമ്മർദ്ദമേറിയതോടെ അബോധാവസ്ഥയിലായ കുട്ടിയ്ക്ക് പലതവണ അപസ്മാരം വന്നു. തലച്ചോറിൽ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതോടെയാണ് ഇന്നലെ രാവിലെ തലയോട്ടിയിൽ കീഹോൾ ശസ്ത്രക്രിയ നടത്തിയത്.രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് 54 ദിവസം പ്രായമായ കുഞ്ഞിന്റെ തലച്ചോറിൽ കെട്ടികിടന്ന രക്തം നീക്കം ചെയ്തത്.

ഓക്സിജൻ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോൾ. കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്നാണ് ഇന്നലെ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് 54 ദിവസം പ്രായമായ പെൺകുഞ്ഞിനെ അച്ഛൻ കാലിൽ പിടിച്ചു ചുഴറ്റി കട്ടിലിലേക്ക് എറിഞ്ഞത്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛൻ ഷൈജു തോമസ് നിലവിൽ റിമാൻഡിലാണ്.കുഞ്ഞിന് ഇനിയൊരു ശ‌സ്ത്രക്രിയ നടത്താനാകില്ല, മരുന്നുകളിലൂടെ മാത്രമേ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാവൂവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.