pic

കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അദ്ധ്യാപകനുമായ പത്മരാജൻ നൽകിയ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ കോടതിയുടെ വിശദീകരണം സർക്കാർ തേടിയിട്ടുണ്ട്. കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ് താനെന്നും ബി.ജെ.പി അനുഭാവി ആയത് കൊണ്ട് ചിലർ കെട്ടിച്ചമച്ചതാണ് കേസെന്നും പത്മരാജൻ നൽകിയ ജാമ്യ ഹർജിയിൽ പറയുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും മൊഴിയുടെ ആധികാരികതമാത്രമാണ് ഇനി തെളിയാനുള്ളതെന്നും ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നുമാണ് പത്മരാജന്റെ ആവശ്യം.

ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുനിയിൽ പത്മരാജനെ ഏപ്രിൽ 15നാണ് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പങ്ങോട്ടൂരിന് തൊട്ടടുത്തുള്ള വിളക്കോട്ടുരിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ കഴിയുകയായിരുന്ന പ്രതിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകി നാട്ടുകാർ പ്രക്ഷോഭം നടത്തിയെങ്കിലും കൊവിഡ് പ്രതിരോധ ജോലികളിൽ തിരക്കിലാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പിന്നീട് സ്ഥലം എം.എൽ.എയും ആരോഗ്യമന്ത്രിയുമായ കെ.കെ ശൈലജ ടീച്ചർ അടക്കം പരസ്യവിമർശനവുമായി രംഗത്തു വന്നതോടെയാണ് പ്രതിയെ പിടിക്കാനുള്ള നീക്കം പൊലീസ് ഊർജ്ജിതമാക്കിയത്.

യുവമോർച്ച നേതാവ് മനോജിനെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതി എവിടെയാണെന്ന് പൊലീസ് മനസിലാക്കിയത്. മാർച്ച് 17ന് ഒമ്പത് വയസുകാരിയുടെ കുടുംബം പരാതി നൽകിയതിന് പിന്നാലെ അന്വേഷണം തുടങ്ങിയെങ്കിലും പൊലീസ് പ്രതിയെ പിടിച്ചില്ല. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു.