ന്യൂയോർക്ക്:മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരെ വിവിധ ജോലികൾക്ക് നിയമിക്കുന്നതിൽ അമേരിക്ക കടുത്തനിയന്ത്രണമേർപ്പെടുത്തി. ഡിസംബർ 31 വരെ എച്ച് 1 ബി, എച്ച് 2 ബി, എച്ച് 4, എൽ, ജെ വിസകൾ നൽകേണ്ടെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പിട്ടു.
ഈ നിയന്ത്രണം ഇന്ത്യക്കാരെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്നാണ് റിപ്പോർട്ട്. അതിനൊപ്പം അമേരിക്കയിൽ സാന്നിദ്ധ്യമുള്ള ഇന്ത്യൻ കമ്പനികളെയും നിയന്ത്രണം ദോഷകരമായി ബാധിക്കും. ഏപ്രിൽ 22ന് നിലവിൽ വന്ന നിയന്ത്രണത്തിന് പുറമേയാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
നിയന്ത്രണം നിലവിൽ വന്നതോടെ മാനേജർമാരെ ഉൾപ്പെടെയുള്ളവരെ ഒരു കമ്പനിയിൽ നിന്ന് അമേരിക്കയിലേക്ക് സ്ഥലം മാറ്റാനുമാവില്ല. തദ്ദേശീയർക്ക് അഞ്ചേകാൽ ലക്ഷം അധിക തൊഴിൽ അവസരങ്ങൾ ഇതോടെ ലഭിക്കും.തദ്ദേശീയരെ മാത്രം ജോലിക്കെടുക്കാൻ നിർബന്ധിക്കപ്പെട്ടാൽ കമ്പനികളുടെ ചെലവും ഭീമമായി വർദ്ധിക്കും. അതേസമയം, ഭക്ഷ്യസംസ്കരണമേഖലയിലുള്ളവർക്കും സർവകലാശാല അദ്ധ്യാപകർക്കും വിസ ലഭിക്കും.