pic

തിരുവനന്തപുരം: ഉറവിടം കണ്ടെത്താത്ത കൊവിഡ് കേസുകൾ വർദ്ധിച്ച തിരുവനന്തപുരം നഗരത്തിൽ രോഗ വ്യാപനം തടയാനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പ് നടപടികൾ കർശനമാക്കി. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് തിരക്ക് വർദ്ധിച്ച വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ നഗരത്തിലെ വ്യാപാരികളുടെ യോഗം ഇന്ന് ചേരുന്നുണ്ട്.

കടകളിലും മാളുകളിലും ആളുകളെ പ്രവേശിപ്പിക്കും മുമ്പ് കൈകൾ കഴുകുന്നുവെന്നും സാമൂഹ്യ അകലം പാലിക്കുന്നുവെന്നും പനിയുൾപ്പെടെയുളള ലക്ഷണങ്ങളില്ലെന്നും ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കാൻ വ്യാപാര സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. കടകളിൽ ആളുകൾ കൂട്ടം കൂടുകയോ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുകയോ ചെയ്താൽ അത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി കൈക്കൊളളുന്നതിനൊപ്പം കടകൾ പൂട്ടിക്കാനുമാണ് നീക്കം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നശേഷം ആൾത്തിരക്ക് നിയന്ത്രിക്കുന്നതിന് വ്യാപാരികളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കർശന നിലപാട് കൈക്കൊള്ളാൻ നഗരസഭ തീരുമാനിച്ചത്.

ആട്ടോറിക്ഷാ ഡ്രൈവർക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യം കണക്കിലെടുത്ത് നഗരത്തിലെ ആട്ടോ റിക്ഷകളിൽ ഡ്രൈവർമാരും യാത്രക്കാരും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി ഡ്രൈവർ ക്യാബിൻ വേർതിരിക്കാൻ നിർദേശം നൽകി. ഡ്രൈവർക്ക് പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരിൽ നിന്നോ തിരിച്ചോ രോഗപ്പക‌ർച്ചയുണ്ടാകാനുള്ള സാദ്ധ്യത ഒഴിവാക്കാനാണിത്. സാനിറ്റൈസർ നിർബന്ധമാക്കാനും ആലോചിക്കുന്നുണ്ട്. വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്നതിന് മുമ്പും ഇറങ്ങിപോകുമ്പോഴും യാത്രക്കാരുടെ കൈകൾ ശുദ്ധമാക്കാൻ സാനിറ്റൈസർ നൽകണം. ഡ്രൈവർമാർ മാസ്കും ഗ്ളൗസും ഉപയോഗിക്കുന്നതിനൊപ്പം പണം ഇടപാടുകൾക്ക് ശേഷം കൈകളും ശുദ്ധമാക്കണം. വാഹനനമ്പരും ഡ്രൈവറുടെ ഫോൺനമ്പരും യാത്രക്കാരും സൂക്ഷിക്കണം. നഗരത്തിലെ കടകളിലും നിരത്തുകളിലും കൊവിഡ് പ്രോട്ടോക്കോൾ പരിശോധന ഇന്നലെ മുതൽ ശക്തമാക്കിയിട്ടുണ്ട്. മാസ്ക് ധരിക്കാതെ പോകുന്നവരുടെയും സാമൂഹ്യ അകലം പാലിക്കാത്തതിന്റെയും ഫോട്ടോകൾ പൊലീസ് സഹായത്തോടെ എടുത്ത് നടപടികൾ കൈക്കൊണ്ടുവരികയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ അടക്കം വാഹനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാൾക്കൊപ്പം വിവിധ വാ‌ർഡുകളിൽ ജോലിചെയ്യുകയും അടുത്ത് ഇടപഴകുകയും ചെയ്ത നിരവധി ആശുപത്രി ജീവനക്കാരെ ഇന്ന് മുതൽ ക്വാറന്റീനിലാക്കി. സെക്യൂരിറ്റി വിഭാഗം ജീവനക്കാരും അറ്റൻ‌ഡർമാരുമാണ് ഇവർ. ഇയാൾ ജോലി ചെയ്തിരുന്ന വാർഡുകളും സെക്യൂരിറ്റി സർജന്റ് ഓഫീസുൾപ്പെടെയുള്ള സ്ഥലങ്ങളും അണുവിമുക്തമാക്കി. കരിക്കകം സ്വദേശിയായ ഇയാളുടെ വീട്ടിൽ നഗരസഭയുടെ നേതൃത്വത്തിലും അണുനശീകരണം നടന്നു. കുടുംബാംഗങ്ങളും ക്വാറന്റീനിലാണ്. ഇവരുടെ സ്രവ പരിശോധന ഇന്ന് നടക്കും. കരിക്കകത്ത് ഇയാളുമായി അടുത്തിടപഴകിയ ചിലരും നിരീക്ഷണത്തിലുണ്ട്. സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതായ വാർത്ത വന്നതോടെ കഴിഞ്ഞദിവസങ്ങളിൽ ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലായിട്ടുണ്ട്. ഇയാളുടെ ഡ്യൂട്ടി വിവരങ്ങളും സഞ്ചാരപഥങ്ങളും വ്യക്തമാക്കിയ റൂട്ട് മാപ്പ് ഇന്ന് പുറത്തുവരുന്നതോടെ കൂടുതൽ പേർ സ്വയം നിരീക്ഷണത്തിലാകേണ്ട സാഹചര്യമുണ്ടാകും.

നഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്ന സ്ഥലങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളും നിരീക്ഷണവും ശക്തമായി തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.കാലടി ജംഗ്ഷൻ, ആറ്റുകാൽ, മണക്കാട് ജംഗ്ഷൻ, ചിറമുക്ക് കാലടി റോഡ്, ഐരാണിമുട്ടം എന്നിവിടങ്ങളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഇവിടങ്ങളിൽ പ്രധാന റോഡുകളിലേക്കുള്ള ഇടറോഡുകൾ അടച്ചിരിക്കുകയാണ്. അനാവശ്യയാത്രകൾ തടയാൻ പൊലീസ് പരിശോധനയുണ്ട്.നിയമലംഘനം ഇല്ലെന്ന് ഉറപ്പ് വരുത്താൻ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം മുഴുവൻ സമയവും പൊലീസ് പട്രോളിംഗുമുണ്ടാകും.