ന്യൂഡൽഹി: കർശന നിയന്ത്രണങ്ങളോടെ പുരി രഥയാത്ര ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉപാധികളോടെ രഥയാത്ര നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയവരെയാണ് രഥം വലിക്കാൻ അനുവദിക്കുക.പ്രദേശം മുഴുവൻ അണുവിമുക്തമാക്കിയിട്ടുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
പുരി ജില്ല അടച്ചിരിക്കുകയാണ്. ഇവിടേക്ക് പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ട്. രഥയാത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഇന്നലെയാണ് ഉപാധികളോടെ രഥയാത്ര നടത്താൻ സുപ്രീംകോടതി അനുവദിച്ചത്. പൊതുജന പങ്കാളിത്തമില്ലാതെ രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സർക്കാരും ഇന്നലെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടുകൂടി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെയാണ് ഒഡീഷ സർക്കാരും പിന്തുണച്ചത്.