കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നും സ്വർണം പിടിച്ചു. കണ്ണൂർ സ്വദേശി ജിതിനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 736 ഗ്രാം സ്വർണം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.റാസൽഖൈമയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇയാളെത്തിയത്. ജിതിനെ അധികൃതർ ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞദിവസവും ഇവിടെ സ്വർണം കടത്താനുള്ള ശ്രമം അധികൃതർ കണ്ടെത്തിയിരുന്നു. ചാർട്ടേട് വിമാനത്തിൽ എത്തിയ നാലുപേരാണ് ഇന്നലെ റവന്യൂ ഇന്റലിജൻസിന്റെ പിടിയിലായത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരൻ അടിവസ്ത്രത്തിനുള്ളിൽ മിശ്രിത രൂപത്തിലാക്കി ഒന്നേകാൽ കിലോ സ്വർണമാണ് കടത്താൻ ശ്രമിച്ചത്.പരിശോധനയിലാണ് പിടിയിലായത്. ദുബായിൽ നിന്നുള്ള ഫ്ളൈദുബായ് വിമാനത്തിലെത്തിയ മൂന്നു യാത്രക്കാരും പിടിയിലായി. ഇവരിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടിച്ചെടുത്തത്.
ഒരിടവേളയ്ക്കുശേഷം സ്വർണക്കടത്ത് കൂടിയതോടെ കരിപ്പൂരിൽ അധികൃതർ പരിശോധന കർശനമാക്കിയിരിക്കുകയാണ്. പിടിയിലായവർ വൻ സ്വർണക്കടത്തുസംഘത്തിലെ അംഗങ്ങളാണെന്നാണ് കരുതുന്നത്.