pic

കണ്ണൂർ: മുംബയിൽ നിന്നെത്തി ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിൽ കഴിയുന്ന തനിക്ക് കൊവിഡ് പരിശോധന നടത്തണമെന്ന് നിർബന്ധം പിടിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 ദിവസമായി ക്വാറന്റീനിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാൾക്ക് രോഗലക്ഷണങ്ങൾ കാണാത്തതിനെത്തുടർന്ന് വീട്ടിലേക്ക് തിരിച്ചുപോകാൻ ആരോഗ്യപ്രവർത്തകർ അനുമതി നൽകിയിരുന്നു. എന്നാൽ, തനിക്ക് കൊവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നുമുള്ള നിലപാടിലായിരുന്നു ഇയാൾ.

ക്വാറന്റീനിൽ തുടർന്ന ഇയാൾ മുൻകൈയെടുത്ത് നടത്തിയ പരിശോധനയിലാണ് മുംബയിൽ നിന്നെത്തി ഇരുപത്തിനാലാം ദിവസം ഇയാൾക്ക് കൊവിഡ് ബാധിച്ചതായി കണ്ടെത്താനായത്. ഞായറാഴ്ചയാണ് ഇയാൾക്ക് കൊവിഡ് പോസിറ്റീവായത്. തുടർന്ന്, ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റി.