കണ്ണൂർ: അന്തരിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്താണ് സംസ്കാര ചടങ്ങുകൾ നടത്തു. രാവിലെ കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ഞായറാഴ്ച വൈകുന്നേരം ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്.
സാമൂഹ്യ അകലം പാലിക്കലുൾപ്പെടെ കർശന നിന്ത്രണങ്ങളോടെയായിരിക്കും പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുക. തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലി തുടങ്ങിയ സുരേന്ദ്രൻ പടിപടിയായി തൊഴിലാളി നേതാവായി വളരുകയായിരുന്നു. കെ.കരുണാകരനായിരുന്നു ഗുരു.
രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സംഘടനാ രംഗത്ത് സജീവമായി. ഐ.എൻ.ടി.യു.സിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന സുരേന്ദ്രൻ 2012 മുതൽ നാല് വർഷം കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷനായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിച്ച വ്യക്തിയായിരുന്നു സുരേന്ദ്രൻ.