ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരേ രൂക്ഷവിമർശനവുമായി ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നഡ്ഡ രംഗത്ത്. കോൺഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുൽ ഇത്തരത്തിൽ ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതെന്നായിരുന്നു ട്വിറ്ററിലൂടെ നഡ്ഡയുടെ ചോദ്യം. ആദ്യം കോൺഗ്രസ് ചൈനയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. പിന്നീട് കോൺഗ്രസ് പാർട്ടി ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് മുന്നിൽ അടിയറ വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നിർണായക സമയത്ത് രാഹുൽഗാന്ധി രാജ്യത്തെ വിഭജിക്കാനും ഇന്ത്യൻ സേനയുടെ ആത്മവീര്യത്തെ തകർക്കാനുമാണ് ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു. പഴയ മാദ്ധ്യമ വാർത്തകളെ ഉദ്ധരിച്ചുകൊണ്ടാണ് ബി.ജെ.പി അദ്ധ്യക്ഷന്റെ വിമർശനം.ഡോക്‌ലാം സംഘർഷ സമയത്ത് രാഹുൽ ഗാന്ധി രഹസ്യമായി ചൈനീസ് എംബസിയിൽ പോയിരുന്നുവെന്നും ജെ.പി നഡ്ഡ ആരോപിച്ചു.
അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരേയും കേന്ദ്ര സർക്കാരിനെതിരേയും രാഹുൽ തുടർച്ചയായ വിമർശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ രംഗത്തെത്തിയിരിക്കുന്നത്.