pl

വാഷിംഗ്ടൺ:ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ്‌ വിമാനങ്ങൾക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തി. 30 ദിവസത്തിനകം നിയന്ത്രണം പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.അമേരിക്കൻ വിമാനങ്ങൾക്കുള്ള നിയന്ത്രങ്ങൾ ഇന്ത്യ നീക്കിയാൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നാണ് അമേരിക്കൻ ഗതാഗത വകുപ്പ് പറയുന്നത്‌. ചാർട്ടേഡ് വിമാന സർവീസ് നടത്തുന്നതിന് മുമ്പ് എയർ ഇന്ത്യ അംഗീകാരത്തിനായി അപേക്ഷിക്കണമെന്നും അതുവഴി സർവീസിന്റെ ലക്ഷ്യം പരിശോധിക്കാൻ കഴിയുമെന്നും അമേരിക്ക പറയുന്നുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നതിന് നിയന്ത്രണമുണ്ട്‌ . ഈ സാഹചര്യം യു.എസ് വിമാനക്കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും, രാജ്യത്ത് ഇപ്പോൾ നിലനിൽക്കുന്ന വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങൾ മറികടക്കാനുള്ള ഒരു വഴിയായി, എയർ ഇന്ത്യ സ്വദേശത്തേക്കുള്ള പ്രത്യേക സർവീസുകൾ ഉപയോഗിക്കുന്നതായി മനസിലാക്കുന്നുവെന്നുമാണ് അമേരിക്കൻ ഏജൻസികൾ പറയുന്നത്.