തിരുവനന്തപുരം: പ്രവാസികൾക്ക് ട്രൂനാറ്റ് കൊവിഡ് പരിശോധന നടത്തുന്നത് അപ്രായോഗികമാണെന്ന് കേന്ദ്ര സർക്കാർ. ട്രൂനാറ്റ് പരിശോധന പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. ഈ തീരുമാനം വിവാദമായതിന് പിന്നാലെ കൊവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതു പ്രായോഗികമല്ലെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിലെത്തിയിരിക്കുന്നത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും, അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തിൽ പറയുന്നു. ഓരോ രാജ്യങ്ങൾക്കും ഇക്കാര്യത്തിലുള്ള നിലപാട് വ്യോമയാന മന്ത്രാലയം കേരളത്തിനയച്ച കത്തിൽ വിശദമാക്കിയിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച പ്രവാസികൾക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യു.എ.ഇ വ്യക്തമാക്കുന്നു. രണ്ട് വിമാനക്കമ്പനികൾ ടെസ്റ്റ് നടത്തുന്നുണ്ടെന്നും, ആവശ്യമെങ്കിൽ ഇന്ത്യയിലേയ്ക്കുള്ള വിമാനങ്ങളിലെ യാത്രക്കാർക്കും ഈ പരിശോധന നടത്താമെന്നും കുവൈറ്റ് അറിയിച്ചു. ഇതിനുള്ള ചിലവ് യാത്രക്കാർ വഹിക്കണമെന്നും കുവൈറ്റ് വ്യക്തമാക്കിയിട്ടുണ്ട്. ബഹ്‌റൈനും സൗദി അറേബ്യയും ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
രോഗബാധിതരെയും അല്ലാത്തവരെയും ഇടകലർത്തി ഒരേ വിമാനത്തിൽ കൊണ്ടുവരുന്നത് രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സർക്കാർ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചിരുന്നത്. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം വിമാനത്തിൽ കൊണ്ടുവരണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.