തിരുവനന്തപുരം: ഉത്രവധക്കേസിൽ വനം വകുപ്പിന്റെ കസ്റ്റഡിയിൽ കഴിയുന്ന പാമ്പ് പിടിത്തക്കാരൻ ചിറക്കര സുരേഷിന് ലഹരിമാഫിയാ ബന്ധം. പാമ്പുകളെ പിടിച്ച് വിഷം ഊറ്റി ലഹരി മാഫിയാ സംഘങ്ങൾക്ക് ഇയാൾ കൈമാറിയിരുന്നതായ വിവരം പുറത്തായി. കൂടാതെ പാമ്പിൻകുഞ്ഞുങ്ങളെ നാവിൽകൊത്തിച്ച് ലഹരിപകർന്നിരുന്നതായും വെളിപ്പെട്ടു. ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന സുരേഷിന്റെയും കൊലക്കേസിലെ മുഖ്യപ്രതി സൂരജിന്റെയും കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ മൂന്ന് ദിവസത്തിന്ശേഷം ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ വനം വകുപ്പ് ശ്രമം തുടങ്ങി.
പാമ്പ് പിടിത്തതിന് നിയമപരമായി ലൈസൻസോ അനുമതിയോ സർക്കാരിൽ നിന്നോ വനംവുപ്പിൽനിന്നോ നേടിയിട്ടില്ലാത്ത സുരേഷ് നാട്ടിൻപുറങ്ങളിൽ നിന്ന് പിടികൂടുന്ന പാമ്പുകളെയും മറ്റ് വന്യജീവികളെയും വിറ്റ് പണം സമ്പാദിച്ചിരുന്നുവെന്ന സൂചനകളും വനംവകുപ്പ് ഉദ്യോസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഉത്രയെ കൊലപ്പെടുത്താൻ സൂരജിന് വിഷപാമ്പുകളെ പണം വാങ്ങി കൈമാറിയ കേസിലാണ് സുരേഷ് ഇപ്പോൾ വനംവകുപ്പിന്റെ കസ്റ്റഡിയിലായത്.
പാമ്പ് പിടിത്തത്തിന് പോകുമ്പോൾ മുട്ടയിട്ട് അടയിരിക്കുന്ന പാമ്പുകളെ പിടികൂടുന്നതിനൊപ്പം മുട്ടകൾ ശേഖരിക്കുന്ന ഇയാൾ ഇവ വീട്ടിലെത്തിച്ച് വിരിയിച്ചെടുക്കുന്ന കുഞ്ഞുങ്ങളെയാണ് ലഹരിക്കടിമപ്പെട്ടവർക്ക് നാവിൽ കൊത്തിക്കാനായി ഉപയോഗിക്കുന്നത്. കുഞ്ഞുങ്ങളായതിനാൽ കുറഞ്ഞ അളവിലുള്ള വിഷമേ ഇവയുടെ വിഷഗ്രന്ഥിയിലുണ്ടാകാറുള്ളൂ. മരണത്തിന് കാരണമാകാത്ത വിധത്തിലുള്ള കുറഞ്ഞതോതിലുള്ള വിഷം നാവ് വഴി പെട്ടെന്ന് തലച്ചോറിലും ഗ്രന്ഥികളിലും പടരുന്നതോടെ പാമ്പിന്റെ കൊത്ത് കിട്ടിയ ആൾ ഉന്മാദ അവസ്ഥയിലാകും.
ഒരു ദിവസത്തിലേറെ ഇതിന്റെ ലഹരി നിലനിൽക്കുമെന്നതിനാൽ ലഹരിക്ക് അടിമപ്പെട്ട നിരവധിപേർ സുരേഷിനെ ഇതിനായി സമീപിച്ചിരുന്നതായും പാമ്പിൻ കുഞ്ഞുങ്ങളെ ഉപയോഗിച്ച് കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരത്തിൽ ഇയാൾ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിരുന്നതായും വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. സിനിമ രംഗത്തുള്ളവർ,ടെക്കികൾ തുടങ്ങി സാമ്പത്തികമായി ഉന്നതിയിലുള്ളവരാണ് സുരേഷിനെ ലഹരിക്കായി സമീപിച്ചിട്ടുള്ളത്. പിടികൂടുന്ന പാമ്പുകളിൽ നിന്ന് വിഷം ശേഖരിച്ച് രാജ്യാന്തര ബന്ധമുള്ള ലഹരിമാഫിയകൾക്ക് ഇയാൾ കൈമാറിയതായ വിവരവും പുറത്തായിട്ടുണ്ട്.
ഇത് സംബന്ധിച്ച അന്വേഷണവും വരുംദിവസങ്ങളിൽ നടക്കും.അനധികൃതമായി പാമ്പിനെ കൈവശം വച്ചു, പണത്തിന് കൈമാറി, പാമ്പിനെ തല്ലി കൊന്നു എന്നീ കേസുകളിൽ തെളിവെടുപ്പ് നടത്താനാണ് വനം വകുപ്പ് ആവശ്യപ്പെട്ട പ്രകാരം കഴിഞ്ഞ ഏഴ് ദിവസങ്ങളിൽ ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരുന്നത്. പാമ്പിനെ സുരേഷ് സൂരജിന് കൈമാറിയ ഏനാത്ത്, അടൂർ പറക്കോട്ടെ വീട്, ഉത്രയുടെ വീട് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി.കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ ഉത്രയെ കൊല്ലാനുപയോഗിച്ച മൂർഖനെ പിടികൂടിയ ആലംകോട്ട് നിന്ന് ദിവസങ്ങൾക്ക് മുമ്പ് പൊഴിച്ച നിലയിലുള്ള പാമ്പിന്റെ തോൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു.
ഇത് ഉത്രയെ കടിച്ച പാമ്പിന്റേതാണോയെന്ന് തിരിച്ചറിയാൻ ഡി.എൻ.എ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് പാമ്പിന്റെ വർഗവും ഉത്രയെ കടിച്ച പാമ്പിന്റേതാണോ ഇതെന്നും നിർണയിക്കാനാകും. ആണെന്ന് തെളിഞ്ഞാൽ കേസിൽ അത് നിർണായക തെളിവാകും. വാവാ സുരേഷിന്റെ കൂടി സഹായത്തോടെയായിരുന്നു ആലംകോട്ട് ഇന്നലത്തെ തെളിവെടുപ്പ്. ഇവിടം മൂർഖൻ കാണപ്പെടാനിടയുളള സ്ഥലമാണോയെന്ന് ഉറപ്പാക്കാനും ഇതിന്റെ ഇണയോ കുഞ്ഞുങ്ങളോ സ്ഥലത്തുണ്ടോയെന്ന് കണ്ടെത്താനുമായിരുന്നു വാവാ സുരേഷിന്റെ സഹായം തേടിയത്.