കൊല്ലം:സ്‌കൂട്ടറിൽനിന്ന് വീണ യുവതിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. പരവൂർ പൊലീസാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കോങ്ങാൽ സ്വദേശികളായ എ. അഷ്‌റഫ് (33), നിസാർ (33) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനായി അന്വേഷണം തുടരുകയാണ്.
വിവാഹിതയായ യുവതിയെയാണ് ഇവർ അപമാനിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കോങ്ങാൽ ഭാഗത്ത് സ്‌കൂട്ടറിൽ നിന്ന് യുവതി തെന്നിവീണിരുന്നു. ഇവരെ സഹായിക്കാനെന്ന മട്ടിൽ അടുത്തുകൂടിയാണ് പ്രതികൾ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ചോദിക്കാനെത്തിയ ഭർത്താവിനെയും ഇവർ മർദ്ദിച്ചുവെന്നാണ് പൊലീസ് പറയുന്നത്.യുവതിയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മൂന്നാമൻ ഉടൻ പിടിയിലാവുമെന്നാണ് പൊലീസ് പറയുന്നത്.