cheruvallly

പത്തനംതിട്ട: ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് ചെറുവള്ളി എസ്റ്റേറ്റിൽ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സർക്കാരുമായി ഒരു തരത്തിലുള്ള ചർച്ചയ്ക്കും തയ്യാറല്ലെന്ന് ബിലിവേഴ്സ് ചർച്ച്. അതേസമയം ബിലിവേഴ്സ് ചർച്ചിന്റെ എതിർപ്പ് അവഗണിച്ചും, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുകയാണ് സംസ്ഥാന സർക്കാർ.

ഭൂമിയേറ്റെടുക്കാൻ വേണ്ട നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് കോട്ടയം ജില്ലാ കളക്ടർ എം. അഞ്ജന വ്യക്തമാക്കി. നിയമപരമായ നടപടികളിലൂടെ തന്നെ ഭൂമിയേറ്റെടുക്കുമെന്നും, സർക്കാർ തീരുമാനം അനുസരിച്ച് നഷ്ടപരിഹാരം കൊടുക്കുമെന്നുമാണ് കള‌ക്ടറുടെ നിലപാട്.

കേരളം കണ്ട വലിയ രാഷ്ട്രിയ അഴിമതിയാണിതെന്നും, അടിയന്തര നിയമ നിർമ്മാണത്തിലൂടെ ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കണമെന്നും ചൂണ്ടിക്കാട്ടി മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ വി.എം സുധീരൻ സർക്കാരിന് കത്തയച്ചു. നിയമ വിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് ഇല്ലാത്ത അവകാശം സ്ഥാപിച്ചുകൊടുക്കാനാണ് കോടതിയിൽ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുന്നത് എന്നാണ് സുധീരൻ ആരോപിക്കുന്നത്.