ന്യൂഡൽഹി: യു.പി.എ കാലത്തും കടന്നുകയറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരിഞ്ച് ഭൂമി പോലും ചൈനക്ക് വിട്ടുകൊടുക്കുകയോ, ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. പ്രധാനമന്ത്രിയെന്ന നിലയിൽ നൂറുകണക്കിന് ചതുരശ്ര കിലോ മീറ്ററോളം ഇന്ത്യയുടെ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്ത നേതാവാണ് മൻമോഹൻ സിംഗെന്ന ബി.ജെ.പി. അദ്ധ്യക്ഷൻ ജെ.പി. നഡ്ഡയുടെ ആരോപണത്തിനാണ് അദേഹം ട്വിറ്ററിലൂടെ മറുപടി നൽകിയത്.
2015 മുതലുള്ള 2264 കടന്നുകയറ്റം സംബന്ധിച്ച് നിലവിലെ പ്രധാനമന്ത്രിയോട് വിശദീകരിക്കാൻ നഡ്ഡ ആവശ്യപ്പെടുക. പക്ഷേ അതിന് അദ്ദേഹത്തിന് ധൈര്യമുണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്നും ചിദംബരം പറഞ്ഞു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റവും ഇന്ത്യൻ പ്രദേശത്തെ അധിനിവേശവും സ്ഥിരീകരിക്കുന്ന റിപ്പോർര്‍ട്ടുകളാണ് പുറത്തുവരുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി. ഇന്ത്യ-ചൈന വിഷയം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാരിനെ വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് പ്രസ്താവനയിറക്കിയതിനെ തുടർന്നാണ് നഡ്ഡ ആരോപണമുന്നയിച്ചത്.