oommen-chandy

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുന്നോട്ടു പോകുമെന്ന് ഉമ്മൻചാണ്ടി. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന ചർച്ച സജീവമായതോടെയാണ് ഉമ്മൻചാണ്ടിയുടെ പ്രതികരണം. ഐക്യമുന്നണിയെ നയിക്കുന്നത് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ നേതൃത്യത്തിൽ മുന്നോട്ട് പോകും. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ചർച്ചയുമില്ലെന്നും ഉമ്മൻചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം രമേശ് ചെന്നിത്തല യു.ഡി.എഫിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസിനെയും ഫലപ്രദമായി നയിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് കൺവീനർ ബെന്നിബെഹന്നാന്റെ പ്രതികരണം. നിലവിൽ പ്രശ്‌നങ്ങളൊന്നുമില്ല. കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്ന് കെ.സി വേണുഗോപാലിന്റെ പ്രതികരണത്തോട് ഏത് കാലഘട്ടത്തിലും കേരള രാഷ്ട്രീയത്തിൽ തൽപ്പരനായ നേതാവാണ് കെ.സി വേണുഗോപാൽ എന്നും ബെന്നിബെഹനാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരഞ്ഞെടുപ്പിനെ നേരിടും മുമ്പ് യു.ഡി.എഫിൽ കുറേ കാര്യങ്ങൾ നേരെയാക്കാനുണ്ടെന്നും അത് മൂടി വയ്ക്കുന്നതിലർത്ഥമില്ലെന്നും പറഞ്ഞ് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ മുല്ലപ്പള്ളിയെ തള്ളി രംഗത്തെത്തിയ ലീഗ് നിലപാടിന് പിന്നാലെയുള്ള ഈ പ്രതികരണം അതീവ ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം നോക്കികാണുന്നത്. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ കോൺഗ്രസിനെ ഉദ്ദേശിച്ചാണെന്ന് തോന്നുന്നില്ല എന്നായിരുന്നു ബെന്നിബെഹന്നാന്റെ മറുപടി.